ഹിജാബ് വിവാദം: കുവൈത്തിലും വ്യാപക പ്രതിഷേധം

ഹിജാബ് നിരോധനം മത സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നു കയറ്റവും അന്താരാഷ്ട്ര നിയമങ്ങളുടെയും മനുഷ്യാവകാശ ചട്ടങ്ങളുടെയും ലംഘനവുമാണെന്ന് 22 എം.പിമാര്‍ സംയുക്തമായി പ്രസ്താവനയില്‍ കുറ്റപ്പെടുത്തി

Update: 2022-02-17 10:17 GMT
Advertising

ഹിജാബ് വിഷയത്തില്‍ ഇന്ത്യയിലെ മുസ്ലിം വിദ്യാര്‍ത്ഥിനികള്‍ക്ക് പിന്തുണയുമായി കുവൈത്തിലെ വനിതാ കൂട്ടായ്മകളും രാഷ്ട്രീയ പ്രമുഖരും രംഗത്ത്. ഇസ്ലാമിക് കോണ്‍സ്റ്റിറ്റുഷണല്‍ മൂവ്‌മെന്റ് എന്ന സംഘടനയുടെ വനിതാ വിഭാഗമാണ് ഹിജാബ് നിരോധനത്തിനെതിരെ പ്രതിഷേധവുമായി ഇന്നലെ രംഗത്തെത്തിയത്.

ഗ്രീന്‍ ഐലന്‍ഡില്‍ ഇന്ത്യന്‍ എംബസിക്ക് അഭിമുഖമായി സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ സ്ത്രീകളും പുരുഷന്മാരും കുട്ടികളുമടക്കം നൂറിലേറെ പേര്‍ പങ്കെടുത്തു. ഇന്ത്യയിലെ മുസ്ലീം സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന പീഡനങ്ങളിലും ആക്രമണങ്ങളിലും അന്താരാഷ്ട്ര സമൂഹം പാലിക്കുന്ന മൗനത്തെ പരിപാടിയില്‍ പങ്കെടുത്തവര്‍ ശക്തമായി അപലപിച്ചു.



 


'ഞങ്ങള്‍ ഒരു ശരീരം പോലെയാണ്', 'ഞങ്ങളുടെ സഹോദരങ്ങളെ ബഹുമാനിക്കുക', 'വിശ്വാസത്തില്‍ മനുഷ്യാവകാശങ്ങള്‍ അവിഭാജ്യഘടകമാണ്' തുടങ്ങിയ ആശയങ്ങള്‍ ഉള്‍കൊള്ളുന്ന പ്ലക്കാര്‍ഡുകളേന്തിയായിരുന്നു പ്രതിഷേധം. ഹിജാബ് സമരത്തിന്റെ മുഖമായി മാറിയ മുസ്‌കാന്റെ ചിത്രവും പ്ലക്കാര്‍ഡുകളില്‍ ഇടം പിടിച്ചു. 



 


മതഭീകരവാദം അംഗീകരിക്കാനാവില്ലെന്നും ഇസ്ലാമിക രാജ്യങ്ങളിലെ, പ്രത്യേകിച്ച് ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യന്‍ പൗരന്മാരെ ഇന്ത്യന്‍ സര്‍ക്കാര്‍ കണക്കിലെടുക്കണമെന്നും അവര്‍ അവരുടെ മതവിശ്വാസങ്ങളിലും ആചാരങ്ങളിലും സ്വാതന്ത്ര്യത്തോടെയാണ് തങ്ങളുടെ രാജ്യങ്ങളില്‍ ജീവിക്കുന്നതെന്നും അഭിഭാഷകയും ആക്ടിവിസ്റ്റുമായ എസ്രാ അല്‍ മാത്തൂഖ് ചൂണ്ടിക്കാട്ടി. 



 


ഇന്ത്യയില്‍ മുസ്ലിം സ്ത്രീകള്‍ക്കെതിരെ നടക്കുന്നത് വ്യക്തമായ അനീതിയാണെന്നും തന്റെ മതവിശ്വാസം ഉപേക്ഷിക്കാന്‍ മറ്റൊരാളെ നിര്‍ബന്ധിക്കാന്‍ ഒരു വ്യക്തിക്കും അവകാശമില്ലെന്നും പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ കുവൈത്ത് എംബസി ഞങ്ങളുടെ സന്ദേശവും പ്രതിഷേധവും ഇന്ത്യന്‍ സര്‍ക്കാരിനെ അറിയിക്കുകയും അവിടെ മുസ്ലിം സ്ത്രീകള്‍ നേരിടുന്ന വെല്ലുവിളികളിലുള്ള പ്രതിഷേധം രേഖപ്പെടുത്തുകയും വേണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു.



 

തല മറച്ചതിന്റെ പേരില്‍ മുസ്ലീം സ്ത്രീകളെ വിദ്യാഭ്യാസത്തില്‍ നിന്ന് വിലക്കുന്നത് അംഗീകരിക്കാനാവില്ലെന്നും മതങ്ങളെ ബഹുമാനിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നതായും പ്രതിഷേധത്തില്‍ പങ്കെടുത്ത മനുഷ്യാവകാശ പ്രവര്‍ത്തകന്‍ മുഹമ്മദ് അല്‍ അന്‍സാരി ഉണര്‍ത്തി.

കഴിഞ്ഞ ദിവസം പാര്‍ലിമെന്റ് മന്ദിരത്തിനു മുന്നിലെ ഇറാദ ചത്വരത്തിലും കുവൈത്തി വനിതകള്‍ ഹിജാബ് നിരോധനത്തിനെതിരെ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി പ്രതിഷേധിച്ചിരുന്നു.

ഹിജാബ് വിഷയത്തില്‍ കുവൈത്തിലെ പാര്‍ലിമെന്റ് അംഗങ്ങളും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഹിജാബ് നിരോധനം മത സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നു കയറ്റവും അന്താരാഷ്ട്ര നിയമങ്ങളുടെയും മനുഷ്യാവകാശ ചട്ടങ്ങളുടെയും ലംഘനവുമാണെന്ന് 22 എം.പിമാര്‍ സംയുക്തമായി ഇറക്കിയ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. വിഷയത്തില്‍ അന്താ രാഷ്ട്ര സംഘടനകള്‍ അടിയന്തിരമായി ഇടപെടണമെന്നും പാര്‍ലിമെന്റ് അംഗങ്ങള്‍ ആവശ്യപ്പെട്ടു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - ഹാസിഫ് നീലഗിരി

Writer

Similar News