കുവൈത്തിലെ കോൾ സെന്ററിൽ പരാതികളുടെ പ്രളയം
10,339 എണ്ണം വൈദ്യുതി പ്രശ്‌നങ്ങൾ
കുവൈത്ത് സിറ്റി: കുവൈത്തിലെ കോൾ സെന്ററിൽ പരാതികളുടെ പ്രളയം. ഇവയിൽ മിക്കതും വൈദ്യുതിയുമായി ബന്ധപ്പെട്ടതാണ്. 10,339 പരാതികളാണ് ഈ തരത്തിൽ ലഭിച്ചത്. കേന്ദ്രത്തിന് ആകെ 11,704 റിപ്പോർട്ടുകൾ ലഭിച്ചതായും 10,339 വൈദ്യുതിയുമായി ബന്ധപ്പെട്ടും 1,365 ജല പ്രശ്നങ്ങളുമായി ബന്ധപ്പെട്ടതുമാണെന്നും ഏകീകൃത കമ്മ്യൂണിക്കേഷൻസ് ഡിപ്പാർട്ട്മെന്റ് മേധാവി മുഹമ്മദ് അൽ അസ്മി വ്യക്തമാക്കി.
ചൂട് കൂടിയതോടെ ഡിമാൻഡ് വർധിക്കുകയും വൈദ്യുതി, ജല മന്ത്രാലയത്തിന്റെ യൂണിഫൈഡ് കമ്മ്യൂണിക്കേഷൻസ് സെന്റർ വിവിധ പ്രദേശങ്ങളിൽ വൈദ്യുതി മുടക്കം റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഈ മാസം ആരംഭത്തിൽ പീക്ക് സീസൺ ആരംഭിച്ചതു മുതൽ ഇലക്ട്രിക്കൽ ലോഡ് സൂചിക ഉയർന്ന തോതിലാണ്.
ജൂൺ ആദ്യം മുതൽ, താപനില ഉയരുന്നതിനോടനുബന്ധിച്ച് റിപ്പോർട്ടുകളും അന്വേഷണങ്ങളും കൈകാര്യം ചെയ്യുന്നതിനായി കേന്ദ്രം 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ടെന്ന് മുഹമ്മദ് അൽ അസ്മി പറഞ്ഞു. അടിയന്തര സാഹചര്യങ്ങൾ നേരിടാനുള്ള വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രാലയത്തിന്റെ സന്നദ്ധത അദ്ദേഹം വ്യക്തമാക്കി. എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ 152 ഹോട്ട്ലൈൻ അല്ലെങ്കിൽ സ്മാർട്ട് ഉപകരണങ്ങളിൽ ഡൗൺലോഡ് ചെയ്യാൻ പറ്റുന്ന mew152 ആപ്ലിക്കേഷൻ വഴിയോ ഉടൻ അറിയിക്കാൻ പൗരന്മാരോടും താമസക്കാരോടും അഭ്യർത്ഥിച്ചു. റിപ്പോർട്ടുകൾ ലഭിക്കുമ്പോൾ, കേന്ദ്രം അവയെ തരംതിരിച്ച് എമർജൻസി റെസ്പോൺസ് ടീമുകൾക്ക് കൈമാറുകയും അവർ കഴിയുന്നത്ര വേഗത്തിൽ സേവനങ്ങൾ പുനഃസ്ഥാപിക്കുന്നതിന് ആവശ്യമായ അറ്റകുറ്റപ്പണികൾ നടത്തുകയും ചെയ്യും.