ഫലസ്തീനുള്ള സഹായം തുടര്‍ന്ന് കുവൈത്ത്; 10 ടൺ സാധനങ്ങൾ ഗസ്സയിലേക്ക്
കുവൈത്തില്‍ നിന്നുള്ള 33-ാമത്തെ വിമാനം ഈജിപ്ഷ്യൻ നഗരമായ അൽ അരിഷിലെത്തി.
Update: 2023-12-05 18:29 GMT
കുവൈത്ത് സിറ്റി: ഇസ്രായേൽ ആക്രമണം തുടരുന്ന ഫലസ്തീനിലേക്കുള്ള സഹായം തുടര്‍ന്ന് കുവൈത്ത്. പുതപ്പുകൾ, ടെന്റുകൾ, ശീതകാല വസ്ത്രങ്ങൾ അടങ്ങുന്ന 10 ടൺ അടിയന്തര ദുരിതാശ്വാസ സഹായവുമായി കുവൈത്തില്‍ നിന്നുള്ള 33-ാമത്തെ വിമാനം ഈജിപ്ഷ്യൻ നഗരമായ അൽ അരിഷിലെത്തി. റഫ അതിര്‍ത്തി വഴി സഹായം ഗസ്സയിൽ എത്തിക്കും.
ബുധൻ, ഞായർ ദിവസങ്ങളിൽ തുടർ ദുരിതാശ്വാസ വിമാനം പുറപ്പെടുമെന്ന് അൽ സലാം ചാരിറ്റി ചെയർമാന്‍ ഡോ. നബീൽ ഔൻ പറഞ്ഞു.
കുവൈത്ത് സര്‍ക്കാരിന്‍റെ അംഗീകാരമുള്ള അസോസിയേഷനുകളുടെ സഹകരണത്തോടെ 250 ടണ്ണിലധികം സഹായ വസ്തുക്കൾ തയാറാക്കിയിട്ടുണ്ടെന്നും വരുംദിവസങ്ങളിൽ വിതരണം ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.