കുവൈത്തിൽ പിസിആർ പരിശോധനാ നിരക്ക് പരിഷ്കരിച്ചു
പുതിയ ഉത്തരവനുസരിച്ച് പിസിആർ പരിശോധനക്ക് ഈടാക്കാവുന്ന പരമാവധി നിരക്ക് ആറ് ദിനാറാണ്.
കുവൈത്തിൽ പിസിആർ പരിശോധന നിരക്ക് പരിഷ്കരിച്ച് ആരോഗ്യമന്ത്രാലയം. പുതിയ ഉത്തരവനുസരിച്ച് പിസിആർ പരിശോധനക്ക് ഈടാക്കാവുന്ന പരമാവധി നിരക്ക് ആറ് ദിനാറാണ്. ജനുവരി 30 ഞായറാഴ്ച മുതലാണ് പുതിയ നിരക്ക് പ്രാബല്യത്തിലാവുക. നിലവിൽ 9 ദിനാർ ആണ് പിസിആർ പരിശോധന ക്ക് സ്വകാര്യ ആശുപത്രികൾക്ക് ഈടാക്കാവുന്ന പരമാവധി നിരക്ക്.
പല ക്ലിനിക്കുകളും എട്ട് ദീനാർ നിരക്കിൽ പരിശോധന നടത്തുന്നുണ്ട്. നാട്ടിൽ പോകുന്നതും തിരിച്ചുവരുന്നതുമായി ബന്ധപ്പെട്ടും ആരോഗ്യ നില അറിയാനും പി.സി.ആർ പരിശോധന നടത്തുന്നവർക്ക് നിരക്ക് കുറച്ചത് ആശ്വാസമാണ്.
കോവിഡിന്റെ തുടക്കത്തിൽ 40 ദിനാർ ആയിരുന്ന നിരക്കാണ് പലതവണയായി കുറച്ച് ഇപ്പോൾ ആറു ദിനാർ ആക്കിയത്. അതിനിടെ കുവൈത്തിൽ ഏഴുലക്ഷത്തോളം പേർ ഇതിനോടകം കോവിഡിനെതിരെയുള്ള ബൂസ്റ്റർ വാക്സിൻ സ്വീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. പ്രതിരോധ കുത്തിവെപ്പിന്റെ കാര്യത്തിൽ ലോകാരോഗ്യസംഘടന നിർദേശിച്ച സാഹചര്യത്തിലേക്ക് കുവൈത്ത് എത്തിയതായാണ് അധികൃതരുടെ വിലയിരുത്തൽ .