അനധികൃത വാന്‍ ട്രാന്‍സ്പോര്‍ട്ട് സര്‍വീസുകള്‍ക്കെതിരെ കര്‍ശന നടപടിക്കൊരുങ്ങി കുവൈത്ത്
അനധികൃതമായി ആളുകളെ കൊണ്ട് പോകുന്ന വാന്‍ ട്രാന്‍സ്പോര്‍ട്ട് സര്‍വീസുകള്‍ക്കെതിരെ ശക്തമായ നടപടിക്കൊരുങ്ങി കുവൈത്ത് ആഭ്യന്തരമന്ത്രാലയം. ഇത്തരം സര്‍വീസുകളെ സംബന്ധിച്ച് നിരവധി പരാതികള്‍ ലഭിച്ച പശ്ചാത്തലത്തിലാണ് ആഭ്യന്തരമന്ത്രാലയം പ്രത്യേക പരിശോധനാ കാമ്പയിന്‍ നടത്താനായി ഒരുങ്ങുന്നത്.
ഇതിനു മുന്നോടിയായി അബാസിയയിലും ഹസാവിയിലും രഹസ്യപൊലീസ് നിരീക്ഷണം ശക്തമാക്കിയതായി അല്‍റായി പത്രം റിപ്പോര്‍ട്ട് ചെയ്തു. അനധികൃത ട്രാന്‍സ്പോര്‍ട്ട് സര്‍വീസിന്റെ പേരില്‍ പിടിയിലാകുന്ന ഡ്രൈവര്‍മാരെ നാടുകടത്തുമെന്നും, വാഹന ഉടമയുടെ പേരിലുള്ള കൊമേഴ്ഷ്യല്‍ ലൈസന്‍സ് കാന്‍സല്‍ ചെയ്യുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വിദേശികള്‍ തിങ്ങിപ്പാര്‍ക്കുന്ന ജലീബ് അല്‍ ശുയൂഖില്‍ തൊഴിലാളികള്‍ക്ക് വേണ്ടിയുള്ള പ്രൈവറ്റ് ട്രാന്‍സ്പോര്‍ട്ട് സര്‍വീസുകള്‍ സജീവമാണ്. ഇതോടൊപ്പം പബ്ലിക് ട്രാന്‍സ്പോര്‍ട്ട് കമ്പനികള്‍ക്ക് ഭീഷണിയാകുന്ന വിധം സമാന്തര സര്‍വീസുകളും ആരംഭിച്ചതായി അധികൃതര്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. ജലീബ് അല്‍ ശുയൂഖിനകത്തെ ഗതാഗതക്കുരുക്കിനും പ്രതിസന്ധിക്കും പ്രധാനകാരണം ഇത്തരം വാഹനങ്ങളുടെ ആധിക്യമാണെന്നാണ് വിലയിരുത്തല്‍.
ടാക്‌സി കമ്പനികളുടെയും ട്രാന്‍സ്‌പോര്‍ട്ടിങ് കമ്പനികളുടെയും പേരിലുള്ള വാനുകള്‍ക്ക് പുറമെ വ്യക്തികള്‍ സ്വന്തം നിലക്കും ട്രാന്‍സ്പോര്‍ട്ട് സര്‍വീസ് നടത്തുന്നുണ്ട്. ജലീബില്‍ അടുത്തിടെ നടന്ന സുരക്ഷാ പരിശോധനകളില്‍ അനധികൃതമായി സര്‍വീസ് നടത്തുന്ന നിരവധി വാഹനങ്ങള്‍ പിടികൂടിയിരുന്നു.