കുവൈത്തിൽ ഉച്ചവിശ്രമ നിയമം നടപ്പാക്കുന്നു

രാവിലെ 11 മുതൽ വൈകീട്ട് 4 വരെ പുറം ജോലികൾ ചെയ്യുന്നതിന് വിലക്ക്

Update: 2024-05-20 10:51 GMT
Editor : Thameem CP | By : Web Desk
Advertising

കുവൈത്ത് സിറ്റി: കുവൈത്തിൽ ഉച്ചവിശ്രമ നിയമം നടപ്പാക്കും. ജൂൺ മുതൽ ഓഗസ്റ്റ് വരെയുള്ള മാസങ്ങളിൽ രാവിലെ 11:00 മുതൽ വൈകിട്ട് 4:00 വരെ തുറസ്സായ സ്ഥലങ്ങളിൽ ജോലിചെയ്യുന്നതാണ് വിലക്കുക. പബ്ലിക് അതോറിറ്റി ഫോർ മാൻപവർ ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കും. ഉദ്യേഗസ്ഥരെ ഉദ്ധരിച്ച് അൽ-ജരിദ പത്രമാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

വേനൽക്കാലത്ത് തീവ്രമായ സൂര്യരശ്മികളിൽ നിന്ന് തൊഴിലാളികളെ സംരക്ഷിക്കാനും നടന്നുകൊണ്ടിരിക്കുന്ന പ്രോജക്റ്റുകൾക്ക് തടസ്സം സൃഷ്ടിക്കാതെ ജോലി നിയന്ത്രിക്കാനുമാണ് ഉച്ചവിശ്രമ നിയമം നടപ്പാക്കുന്നതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. നാഷണൽ സെന്റർ ഫോർ ഒക്യുപേഷണൽ ഹെൽത്ത് അഡ്മിനിസ്ട്രേഷനിൽ നിന്നുള്ള ഫീൽഡ് ഇൻസ്‌പെക്ഷൻ ടീമുകൾ നിശ്ചിത കാലയളവിൽ തൊഴിലിടങ്ങളിൽ പരിശോധനകൾ ശക്തമാക്കും.നിയമം ലംഘിച്ചാൽ ഒരു തൊഴിലാളിക്ക് 100 മുതൽ 200 ദിനാർ വരെ തൊഴിലുടമയിൽ നിന്ന് ഈടാക്കുമെന്നും പബ്ലിക് അതോറിറ്റി ഫോർ മാൻപവർ വ്യക്തമാക്കി. ലംഘനം ശ്രദ്ധയിൽ പെട്ടാൽ കമ്പനിയുടെ ഫയൽ ബ്ലോക്ക് ചെയ്യപ്പെടുമെന്നും ഉദ്യോഗസ്ഥ വൃത്തങ്ങൾ അറിയിച്ചു.

പൊതുതാൽപ്പര്യം പരിഗണിച്ചും അന്താരാഷ്ട്ര തൊഴിൽ മാനദണ്ഡങ്ങളോടുള്ള കുവൈത്തിന്റെ പ്രതിബദ്ധതയുമായി പൊരുത്തപ്പെടുന്നതിനാലും ഈ തീരുമാനം നടപ്പിലാക്കുന്നത് രാജ്യത്തെ കമ്പനികൾ വ്യാപകമായി അംഗീകരിക്കുകയും പിന്തുണയ്ക്കുകയും ചെയ്തു. ഈ തീരുമാനം നടപ്പിലാക്കുന്നതിലൂടെ, തൊഴിലുടമകൾ തൊഴിലാളികളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കുമുള്ള പ്രതിബദ്ധത പ്രകടിപ്പിക്കുന്നതായി ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News