റസിഡന്‍സി വിസ നിയമത്തില്‍ വന്‍ മാറ്റവുമായി കുവൈത്ത്
റസിഡന്‍സി വിസ നിയമത്തില്‍ വന്‍ മാറ്റവുമായി കുവൈത്ത്. ഇത് സംബന്ധമായ കരട് നിർദേശം അടുത്ത മാസം ചേരുന്ന ദേശീയ അസംബ്ലിയിൽ അവതരിപ്പിക്കും. കരട് നിയമം ആഭ്യന്തര-പ്രതിരോധ കമിറ്റി, പാര്‍ലിമെന്റിന് സമര്‍പ്പിച്ചു.
അടുത്ത മാസം നടക്കുന്ന ദേശീയ അസംബ്ലി സമ്മേളനത്തില്‍ കരട് നിയമം ചര്‍ച്ച ചെയ്യുമെന്ന് പ്രാദേശിക മാധ്യമമായ കുവൈത്ത് ടൈംസ് റിപ്പോർട്ടു ചെയ്തു.
പ്രവാസികളുടെ വിസ, നാടുകടത്തൽ,പിഴകൾ തുടങ്ങിയ 37 ഇനങ്ങൾ നിര്‍ദ്ദിഷ്ട കരട് നിയമത്തില്‍ ഉൾപ്പെടുന്നു. റസിഡൻസി പെർമിറ്റുകൾക്കും പുതുക്കലുകൾക്കും എൻട്രി വിസകൾക്കുമുള്ള ഫീസ് നിർണ്ണയിക്കുക മന്ത്രിതല തീരുമാനം പ്രകാരമായിരിക്കും.
പുതിയ നിയമം നടപ്പിലാക്കുന്നതോടെ ഇഖാമ വ്യാപാരവും ചൂഷണവും തടയുവാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. വിദേശികൾക്ക് മൂന്ന് മാസത്തെ സന്ദര്‍ശക വിസ അനുവദിക്കും. നിബന്ധനകള്‍ക്ക് വിധേയമായി വിസ ഒരു വര്‍ഷം വരെ നീട്ടി നല്‍കും.
അതോടപ്പം നിക്ഷേപകർക്ക് 15 വർഷവും, വിദേശികൾക്ക് അഞ്ച് വർഷത്തേക്കും റെസിഡൻസി പെർമിറ്റ് നൽകാമെന്നും നിർദേശത്തിൽ പറയുന്നു.
നിയമം ലംഘിക്കുന്നവർക്ക് മൂന്നു വർഷം വരെ തടവും 5,000 മുതൽ 10,000 ദീനാർ വരെ പിഴ ചുമത്തും. രാജ്യത്തിന്‍റെ പൊതു സുരക്ഷ, ധാർമ്മികത തുടങ്ങിയ ലംഘിക്കുന്നവരെ നാടുകടത്താൻ ആഭ്യന്തര മന്ത്രിക്ക് നിർദ്ദിഷ്ട നിയമം അധികാരം നൽകുന്നു.
വിദേശികളെ വിവാഹം കഴിച്ച കുവൈത്ത് സ്ത്രീകൾക്ക് ഭർത്താവിനെയും കുട്ടികളെയും സ്പോൺസർ ചെയ്യാനുള്ള അവകാശവും കരട് നിയമത്തിലുണ്ട്.