സന്ദർശകരെ സ്വീകരിക്കാൻ ഒരുങ്ങി കുവൈത്തിലെ ലിബറേഷൻ ടവർ
കുവൈത്തിന്റെ ദേശീയ ഐക്കണുകളിൽ ഒന്നാണ് ക്യാപിറ്റൽ സിറ്റിയിലെ ലിബറേഷൻ ടവർ.
കുവൈത്തിലെ ലിബറേഷൻ ടവർ സന്ദർശകരെ സ്വീകരിക്കാൻ ഒരുങ്ങുന്നു. ഇത്തവണത്തെ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ലിബറേഷൻ ടവർ വിനോദസഞ്ചാരികൾക്കായി തുറന്നു കൊടുക്കാനാണു അധികൃതരുടെ തീരുമാനം.
കുവൈത്തിന്റെ ദേശീയ ഐക്കണുകളിൽ ഒന്നാണ് ക്യാപിറ്റൽ സിറ്റിയിലെ ലിബറേഷൻ ടവർ. ടെലിക്കമ്യൂണിക്കേഷൻ മന്ത്രാലയത്തിന് കീഴിലാണ് 372 മീറ്റർ ഉയരമുള്ള ഈ ഗോപുരം. വര്ഷങ്ങളായി അടഞ്ഞു കിടക്കുകയായിരുന്ന ടവർ ഫെബ്രുവരി മുതൽ സന്ദർശകർക്കായി തുറന്നു കൊടുക്കാനാണ് വാർത്ത വിനിമയ മന്ത്രാലയത്തിന്റെ തീരുമാനം. ടവറിനു മുകളിലെ റെസ്റ്റോറന്റിലും വ്യൂ പോയിന്റിലും ആണ് സന്ദർശകരെ പ്രവേശിപ്പിക്കുക.
ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയവുമായി ബന്ധപ്പെട്ട ചരിത്ര രേഖകളും പഴയ കമ്മ്യൂണിക്കേഷൻ ഉപകരണങ്ങളും ടവറിനുള്ളിൽ പ്രദർശിപ്പിക്കും. പൊതു ജനങ്ങൾക്ക് ഒരു ദിനാറും വിദ്യാർഥികൾ, ഭിന്നശേഷിക്കാർ എന്നിവർക്ക് അര ദിനാറും ആയിരിക്കും ടിക്കറ്റ് നിരക്ക്. ടെലിക്കമ്മ്യൂണിക്കേഷൻടവർ എന്ന പേരിൽ നിർമാണം ആരംഭിച്ച കെട്ടിടത്തിന് 1990 ലെ ഇറാഖ് അധിനിവേശ സമയത്ത് നിരവധി കേടുപാടുകൾ സംഭവിച്ചിരുന്നു. പിന്നീട് 1993 ൽ നിർമാണം പൂർത്തയായപ്പോൾ വിമോചനത്തിന്റെ ഓർമ്മക്കായാണ് ലിബറേഷൻ ടവർ എന്ന പേര് നൽകിയത്.