വേനൽചൂടിൽ ഉരുകി കുവൈത്ത്; അന്തരീക്ഷ താപനില അമ്പത് ഡിഗ്രിക്കും മുകളിൽ
കുവൈത്തിൽ വേനൽചൂട് കടുക്കുന്നതായി കാലാവസ്ഥ കേന്ദ്രം അറിയിച്ചു. വെള്ളിയാഴ്ച അമ്പത് ഡിഗ്രിക്കുമുകളിലാണ് അന്തരീക്ഷതാപനില രേഖപ്പെടുത്തിയത്. വരും ദിവസങ്ങളിൽ ഹ്യൂമിഡിറ്റി 90 ശതമാനത്തിനും മുകളിലെത്തുമെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഈ വർഷം ഏറ്റവും കൂടിയ താപനില രേഖപ്പെടുത്തിയത് വെള്ളിയാഴ്ചയായിരുന്നു. ജഹ്‌റ ഗവർണറേറ്റിലാണ് 52.8 എന്ന ഉയർന്ന താപനില രേഖപ്പെടുത്തിയത്. അബ്ദലിയിൽ 52.3 ഡിഗ്രി സെൽഷ്യസ്, സുലൈബിയ 52.1 ഡിഗ്രി സെൽഷ്യസ്, സബ്രിയ 51.6 ഡിഗ്രി സെൽഷ്യസ്, വഫ്ര, കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളിൽ 51.5 ഡിഗ്രി സെൽഷ്യസുമായിരുന്നു വെള്ളിയാഴ്ചത്തെ താപനില.
മുസരം സീസണിലേക്ക് പ്രവേശിച്ചതിനെ തുടർന്നുണ്ടാകുന്ന കാലാവസ്ഥാ പ്രതിഭാസമാണ് ഉയർന്ന അന്തരീക്ഷ ഊഷ്മാവും ഹ്യൂമിഡിറ്റിയും. അടുത്ത മൂന്നു ദിവസങ്ങളിൽ താപനിലയിൽ നേരിയ കുറവുണ്ടാകും. ചൊവ്വാഴ്ചയോടെ താപനില വീണ്ടും അമ്പതു ഡിഗ്രിക്ക് മുകളിലേക്ക് ഉയരും. കടലിലും തീരപ്രദേശങ്ങളിലും ആപേക്ഷിക ആർദ്രത 90 ശതമാനത്തിലധികം ഉയരാനും സാധ്യതയുണ്ട്. ചൊവ്വാഴ്ച മുതൽ ഹ്യൂമിഡിറ്റി കുറയുമെന്ന് പ്രതീക്ഷിക്കുന്നതായും കാലാവസ്ഥ കേന്ദ്രം അറിയിച്ചു.