ഓൺലൈൻ സാമ്പത്തിക ഇടപാടുകളിൽ മുന്നറിയിപ്പുമായി കുവൈത്ത്

വ്യാജ ഇലക്ട്രോണിക് പേയ്‌മെന്റ് ലിങ്കുകൾ വഴി പണം തട്ടുന്ന സംഘം സജീവമായതോടെയാണ് മുന്നറിയിപ്പ്

Update: 2024-01-22 19:11 GMT
Advertising

കുവൈത്ത് സിറ്റി: ഓൺലൈൻ സാമ്പത്തിക ഇടപാടുകളിലെ വഞ്ചനക്കെതിരെ മുന്നറിയിപ്പുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം.വ്യാജ ഇലക്ട്രോണിക് പേയ്‌മെന്റ് സന്ദേശങ്ങൾ വഴിയും സോഷ്യല്‍ മീഡിയ വഴിയും തട്ടിപ്പുകള്‍ വര്‍ദ്ധിച്ചതിനെ തുടര്‍ന്നാണ്‌ ആഭ്യന്തര മന്ത്രാലയം ജാഗ്രത നിര്‍ദ്ദേശം നല്‍കിയത്. കൈമാറ്റം ചെയ്യപ്പെടുന്ന തുകകളുടെ വിവരങ്ങൾ ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ച് ഉറപ്പുവരുത്തണം.

ബാങ്കിൽ നിന്നുള്ള ടെക്‌സ്‌റ്റ് സന്ദേശം വഴിയും അടുത്തുള്ള ബ്രാഞ്ച് സന്ദർശിച്ചും തുക നിക്ഷേപിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും മന്ത്രാലയം ആവശ്യപ്പെട്ടു.വ്യാജ നമ്പറുകളില്‍ നിന്നുള്ള വാട്ട്സ് ആപ്പ് വിഡിയോ കോളുകള്‍ വഴിയും നിരവധി തട്ടിപ്പുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

അതിനിടെ ഓൺലൈൻ തട്ടിപ്പിനെ തുടര്‍ന്ന് പ്രവാസിക്ക് മുവായിരം ദിനാര്‍ നഷ്ടമായി.കഴിഞ്ഞ ദിവസമാണ് പ്രവാസിയുടെ പണം ഇത്തരത്തിൽ നഷ്ടപ്പെട്ടതായി അധികൃതർക്ക് പരാതി ലഭിച്ചത്.പോലിസ് ഉദ്യോഗസ്ഥനെന്ന വ്യാജേന വിളിച്ചയാള്‍ ഒടിപി ആവശ്യപ്പെടുകയും ബാങ്കിലെ പണം നഷ്ടപ്പെടുകയായിരുന്നു.

ബാങ്ക് അക്കൗണ്ടിൽ ഉണ്ടായിരുന്ന പണം നഷ്ടപ്പെട്ടതോടെ താൻ കബളിപ്പിക്കപ്പെട്ടതായി മനസ്സിലായ അദ്ദേഹം ഹവല്ലി പോലീസ് സ്‌റ്റേഷനിൽ പരാതി നല്‍കുകയായിരുന്നു.തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പണം ക്രെഡിറ്റായ അക്കൗണ്ട്‌ ഹോള്‍ഡര്‍ രാജ്യം വിട്ടതായി കണ്ടെത്തുകയായിരുന്നു.സംശയാസ്പദവും പരിചയമില്ലാത്തതുമായ കോളുകള്‍ക്ക് മറുപടി നല്‍കരുതെന്നും തട്ടിപ്പെന്ന് തോനുന്ന നമ്പറുകള്‍ റിപ്പോര്‍ട്ട് ചെയ്ത് ബ്ലോക്കാക്കണമെന്നും അധികൃതര്‍ പറഞ്ഞു. 

Full View

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News