കുവൈത്തിലെ പള്ളികളിൽ നാളെ മുതൽ തോളോട് തോൾ ചേർന്നു നമസ്കരിക്കാം
പള്ളികളിലെ സാമൂഹ്യ അകല നിബന്ധന ഒഴിവാക്കിക്കൊണ്ടുള്ള മന്ത്രിസഭ തീരുമാനം നാളെ മുതല്‍ പ്രാബല്യത്തിലാകും
പള്ളികളിലെ സാമൂഹ്യ അകല നിബന്ധന ഒഴിവാക്കിക്കൊണ്ടുള്ള മന്ത്രിസഭ തീരുമാനം നാളെ മുതല്‍ പ്രാബല്യത്തിലാകുന്നതോടെ കുവൈത്തിലെ പള്ളികളിൽ നാളെ മുതൽ തോളോട് തോൾ ചേർന്നു നമസ്കരിക്കാം. ഒക്ടോബർ 22 വെള്ളിയാഴ്ച ജുമുഅ നമസ്കാരം മുതൽ പള്ളികളിലെ സാമൂഹ്യ അകല നിബന്ധന ഒഴിവാക്കാനാണ് മന്ത്രിസഭാ തീരുമാനം. തീരുമാനം നടപ്പാക്കാൻ ഔഖാഫ് മന്ത്രാലയത്തിന് മന്ത്രിസഭ നിർദേശം നൽകിയുണ്ട്. പ്രാർത്ഥന വേളയിൽ ഓരോ വിശ്വാസിക്കുമിടയില്‍ ഒന്നര മീറ്റർ അകലം പാലിക്കണം എന്ന നിബന്ധനയാണ് നാളെ മുതൽ ഒഴിവാക്കുന്നത്.
അതേസമയം പ്രാർത്ഥനക്കെത്തുന്നവർ കോവിഡ് പ്രതിരോധ കുത്തിവെപ്പ്എടുത്തിരിക്കണമെന്നും മാസ്ക് ധരിക്കണമെന്നും അധികൃതർ നിർദേശം നൽകിയിട്ടുണ്ട് . ഓരോരുത്തരും സ്വന്തമായി മുസല്ല അഥവാ നമസ്ക്കാര വിരിപ്പ് കൊണ്ട് വരണമെന്ന നിബന്ധനയും അല്പകാലം കൂടി തുടരും. സാമൂഹ്യ അകലം പാലിച്ചു നമസ്കരിച്ചിരുന്നതിനാൽ വെള്ളിയാഴ്ചകളിൽ പള്ളി നിറഞ്ഞ് പുറത്ത് റോഡിലേക്ക് കൂടി വിശാസികളുടെ നിര നീളുമായിരുന്നു. ഒന്നര വർഷമായി തുടരുന്ന ഈഅവസ്ഥക്കാണ് നാളെ മുതൽ മാറ്റം വരാൻ പോകുന്നത്. നാളെ ജുമുഅ പ്രാർത്ഥന മുതൽ കോവിഡിനു മുൻപുണ്ടായിരുന്ന പോലെ തോൾ ചേർന്ന് നിന്ന് പ്രാർത്ഥിക്കാനാകുമെന്ന സന്തോഷത്തിലാണ് വിശ്വാസികൾ. കഴിഞ്ഞ ദിവസമാണ് രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് നൽകിക്കൊണ്ട് ജനജീവിതം സാധാരണ നിലയിലാക്കുന്നതിന്റെ അഞ്ചാം ഘട്ടംപ്രധാനമന്ത്രി പ്രഖ്യാപിച്ചത് .