കുവൈത്തിൽ പുതിയ മന്ത്രിസഭ നിലവിൽ വന്നു
62 വർഷത്തെ രാഷ്ടീയ ചരിത്രത്തിനിടെ 45 മത്തെ മന്ത്രിസഭയാണ് അധികാരമേറ്റത്.
കുവൈത്ത്: കുവൈത്തിൽ പുതിയ മന്ത്രിസഭ നിലവിൽ വന്നു.ശൈഖ് ഡോ.മുഹമ്മദ് അൽ സാലിം അസ്സബാഹിന്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭക്ക് കുവൈത്ത് അമീർ അംഗീകാരം നൽകി.കുവൈത്തിന്റെ 62 വർഷത്തെ രാഷ്ടീയ ചരിത്രത്തിനിടെ 45 മത്തെ മന്ത്രിസഭയാണ് അധികാരമേറ്റത്.
പുതിയ പ്രധാനമന്ത്രിയായി ശൈഖ് ഡോ.മുഹമ്മദ് സബാഹ് അൽ സാലിം അസ്സബാഹ് ഇനി കുവൈത്തിനെ നയിക്കും.പ്രധാനമന്ത്രിയും മന്ത്രിമാരും അമീറിന് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു.13 മന്ത്രിമാർ ഉൾകൊള്ളുന്ന മന്ത്രിസഭക്ക് ഇന്ന് രാവിലെയാണ് അമീര്‍ അംഗീകാരം നൽകിയത്.
നേരത്തെയുള്ള കാബിനറ്റില്‍ നിന്നും വ്യത്യസ്തമായി ഡോ.ഇമാദ് മുഹമ്മദ് അൽ അത്തിഖിയെ മാത്രമാണ് ഉപപ്രധാനമന്ത്രിയായി നിയമിച്ചത്.പൊതുമരാമത്ത് മന്ത്രിയും മുനിസിപ്പാലിറ്റി കാര്യ സഹമന്ത്രിയുമായ ഡോ.നൂറ മുഹമ്മദ് അൽ മഷാൻ ആണ് സർക്കാറിലെ ഏക വനിത.മുന്‍ സര്‍ക്കാരില്‍ ഉണ്ടായിരുന്ന ശൈഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അസ്സബാഹ്,ശൈഖ് അഹമ്മദ് അൽ ഫഹദ് അൽ അഹമ്മദ് അൽ ജാബിർ അൽസ്സബാഹ്,ശൈഖ് സലിം അബ്ദുല്ല അൽ ജാബിർ അസ്സബാഹ് എന്നിവരടക്കം മാറി.
എന്നാല്‍ ആരോഗ്യമന്ത്രി ഡോ.അഹ്മദ് അബ്ദുൽവഹാബ് അൽ അവാദിയേയും ,ഇൻഫർമേഷൻ മന്ത്രി അബ്ദുൽറഹ്മാൻ ബദാഹ് അൽ മുതൈരിയേയും നിലനിര്‍ത്തി.ഡിസംബർ 20ന് പുതിയ അമീർ സത്യപ്രതിജ്ഞ ചെയ്തതിനു പിറകെ മുൻ പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് രാജി സമർപ്പിച്ചിരുന്നു.തുടർന്ന് അമീർ ജനുവരി നാലിന് പുതിയ പ്രധാനമന്ത്രിയായി ശൈഖ് ഡോ.മുഹമ്മദ് സബാഹ് അൽ സലിം അസ്സബാഹിനെ നിയമിച്ചത്.1962 ജനുവരി 17നാണ് കുവൈത്തിൽ ആദ്യ മന്ത്രിസഭ അധികാരത്തിൽ വന്നത്. ഷെയ്ഖ് അബ്ദുല്ല അൽ സാലെം അൽ സബാഹ് ആയിരുന്നു പ്രഥമ പ്രധാനമന്ത്രി.