കുവൈത്ത് പാർലമെന്റ് തെരഞ്ഞെടുപ്പ് സെപ്റ്റംബർ 29ന്; ഔദ്യോഗിക വിജ്ഞാപനമായി
തെരഞ്ഞെടുപ്പിൽ എല്ലാവരുടെയും പങ്കാളിത്തം ഉറപ്പാക്കുന്നതിനായി വോട്ടെടുപ്പ് ദിനം പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്
കുവൈത്ത് സിറ്റി: കുവൈത്തിൽ സെപ്റ്റംബർ 29നു പാർലമെന്റ് തെരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറങ്ങി. കിരീടാവകാശി ഒപ്പുവെച്ച ഉത്തരവ് ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചത്തോടെ ഇന്ന് മുതൽ രാജ്യത്ത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പ്രാബല്യത്തിലായി.
പാർലമെന്റും സർക്കാരും തമ്മിലുള്ള നിലക്കാത്ത രാഷ്ട്രീയ തർക്കങ്ങൾ അവസാനിപ്പിക്കുന്നതിനായി കഴിഞ്ഞ മാസമാണ് അമീർ ശൈഖ് നവാഫ് അൽ അഹമ്മദ് അസ്സബാഹ് ദേശീയ അസംബ്ലി പിരിച്ചുവിട്ടത്. പുതിയ പാർലമെന്റ് അംഗങ്ങളെ തെരഞ്ഞെടുക്കാൻ സെപ്റ്റംബർ 29നു വോട്ടെടുപ്പ് നടത്താൻ മന്ത്രിസഭ കഴിഞ്ഞ ആഴ്ച തീരുമാനിച്ചിരുന്നു. വോട്ടർ പട്ടിക പുതുക്കുന്ന നടപടി പൂർത്തിയാകാതിരുന്നതിനാൽ ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നില്ല ഞായറാഴ്ച അമീരി ഉത്തരവ് ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചതോടെ രാജ്യം തെരഞ്ഞെടുപ്പ് ചൂടിലേക്ക് നീങ്ങുകയായി. തിങ്കളാഴ്ച മുതൽ സ്ഥാനാർത്ഥികളുടെ രജിസ്ട്രേഷൻ ആരംഭിക്കും.
നാമനിർദേശം സമർപ്പിക്കാനുള്ള അവസാന തിയ്യതി സെപ്റ്റംബർ 7 ആണ്. തെരഞ്ഞെടുപ്പ് തീയതിക്ക് ഏഴ് ദിവസം മുമ്പ് വരെ സ്ഥാനാർത്ഥികൾക്ക് നാമനിർദേശം പിൻവലിക്കാൻ അവസരമുണ്ടാകും. തെരഞ്ഞെടുപ്പിൽ എല്ലാവരുടെയും പങ്കാളിത്തം ഉറപ്പാക്കുന്നതിനായി വോട്ടെടുപ്പ് ദിനം പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് വകുപ്പ് പുറത്തിറക്കിയ വോട്ടർ പട്ടികയുടെ അടിസ്ഥാനത്തിൽ യോഗ്യരായ 7,96000 വോട്ടർമാരാണ് രാജ്യത്തുള്ളത് . ഇതിൽ 408,000 വനിതകളാണ്. 2020 ഡിസംബറിലെ തെരഞ്ഞെടുപ്പിനേക്കാൾ വോട്ടർമാരുടെ എണ്ണതിൽ 40 ശതമാനം വർധനയുണ്ട് . പുതിയ നിരവധി പാർപ്പിട മേഖലകൾ നിയോജക മണ്ഡലങ്ങളിലേക്ക് ചേർത്തതാണ് വർദ്ധനവിന് കാരണം.
ഒരു മണ്ഡലത്തിൽ നിന്ന് പത്തു പേർ എന്ന തോതിൽ അഞ്ചു നിയോജക മണ്ഡലങ്ങളിൽ നിന്നായി അമ്പതു പേരാണ് പാർലിമെന്റിൽ ജനപ്രതിനിധികളായി എത്തുക. നിർണായകമായ തെരഞ്ഞെടുപ്പിൽ മത്സരരംഗത്തുണ്ടാകുമെന്നു മുൻപാര്ലിമെന്റ അംഗങ്ങളിൽ പ്രമുഖരെല്ലാം ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്ന് തവണ നിയമസഭാ സ്പീക്കറായിരുന്ന അഹ്മദ് അൽ-സദൂന്റെ നേതൃത്വത്തിലാണ് പ്രതിപക്ഷം മത്സരത്തിനിറങ്ങുന്നത്. അതിനിടെ പാർലിമെന്ററി കാര്യമന്ത്രിയും പാർപ്പിടകാര്യ സഹമന്ത്രിയുമായ ഈസ അൽ കന്ദരി തെരഞ്ഞടുപ്പിൽ മത്സരിക്കുന്നതിനായി മന്ത്രിസ്ഥാനം രാജിവെച്ചു.