ദേശീയ ദിനം ആഘോഷിക്കാന്‍ ഒരുങ്ങി കുവൈത്ത്; ആഘോഷത്തിമിര്‍പ്പില്‍ പ്രവാസികള്‍
ബ്രിട്ടീഷ് അധിനിവേശത്തില്‍ നിന്ന് സ്വാതന്ത്ര്യം നേടി കുവൈത്ത് സ്വാതന്ത്ര്യ രാജ്യമായതിന്‍റെ ആഘോഷമാണ് ദേശീയദിനം
കുവൈത്ത് സിറ്റി: കുവൈത്തിന്‍റെ 62ാമത് ദേശീയ ദിനവും 32 മത് വിമോചന ദിനവും വരവേല്‍ക്കുവാന്‍ നാടും നഗരവും ഒരുങ്ങി. വിപുലമായ ഒരുക്കങ്ങളാണ് ദേശീയ-വിമോചന ദിന ആഘോഷങ്ങള്‍ക്കായി കുവൈത്തില്‍ സംഘടിപ്പിക്കുന്നത്. രണ്ട് ദിവസങ്ങളിലായി രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ കരിമരുന്ന് പ്രയോഗവും ലേസര്‍ ഷോയും എയര്‍ ഷോയും ഒരുക്കിയിട്ടുണ്ട്. ദേശീയ ദിനത്തോട് അനുബന്ധിച്ച് വാരാന്ത്യ ദിനങ്ങള്‍ ഉൾപ്പെടെ 4 ദിവസത്തെ പൊതു അവധി കൂടി പ്രഖ്യാപിച്ചതോടെ രാജ്യവും ജനങ്ങളും ആഘോഷത്തിമിർപ്പിലാണ്.
ബ്രിട്ടീഷ് അധിനിവേശത്തില്‍ നിന്ന് സ്വാതന്ത്ര്യം നേടി കുവൈത്ത് സ്വാതന്ത്രൃ രാജ്യമായതിന്‍റെ ആഘോഷമാണ് ദേശീയദിനം. സ്വാതന്ത്ര്യവും സാമ്പത്തിക അഭിവൃദ്ധിയും ചേര്‍ന്ന് ഒരു രാജ്യത്തെ കെട്ടിപ്പെടുത്ത കഥയാണ് കുവൈത്തിന്‍റെ ഓരോ ദേശീയ ദിനവും നമ്മോട് പറയുന്നത്. 1961ല്‍ സ്വതന്ത്രമായ കുവൈത്തിന്‍റെ വളര്‍ച്ച ത്വരിത വേഗത്തിലായിരുന്നു. എണ്ണപ്പണത്തിന്‍റെ കരുത്തിലാണ് കുവൈത്ത് വളര്‍ന്നത്. ആഗോള തലത്തിലെ തന്നെ ഏറ്റവും മികച്ച സാമ്പത്തിക രാജ്യങ്ങളില്‍ ഒന്നായ കുവൈത്തിലായിരുന്നു സദ്ദാം ഹുസൈന്‍റെ അധിനിവേശം. സദ്ദാം ഹുസൈന്‍റെ അധിനിവേശത്തില്‍ നിന്ന് മോചിതമായതിന്‍റെ വാര്‍ഷികമാണ് രാജ്യം വിമോചന ദിനമായി ആഘോഷിക്കുന്നത്.