ഒമിക്രോണ്‍ വകഭേദത്തെ പ്രതിരോധിക്കാന്‍ രാജ്യം സുസജ്ജമെന്ന് കുവൈത്ത്
പുതിയ വകഭേദത്തിന്റെ അതിതീവ്രവ്യാപന ശേഷി കണക്കിലെടുത്ത് ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ കൈക്കൊണ്ടതായി സര്‍ക്കാര്‍ വക്താവ് താരിഖ് അല്‍ മസ്‌റം വ്യക്തമാക്കി
ഒമിക്രോണിന്റെ അതിതീവ്ര വ്യാപനശേഷിയെ തുടര്‍ന്ന് ഇത് സംബന്ധിച്ച ആഗോള സംഭവ വികാസങ്ങള്‍ കുവൈത്ത് നിരീക്ഷിച്ചു വരികയാണെന്നും പുതിയ വേരിയന്റിനെതിരെ പോരാടാന്‍ രാജ്യം സര്‍വസജ്ജമാണെന്നും ഗവണ്മെന്റ് കമ്യൂണിക്കേഷന്‍ സെന്റര്‍ ചെയര്‍മാന്‍ താരിഖ് അല്‍ മസ്‌റം പറഞ്ഞു.
വൈറസ് സൃഷ്ടിക്കുന്ന ഭീഷണികളെയും സംഭവ വികാസങ്ങളെയും നേരിടാന്‍ രാജ്യത്തെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ അതീവ ജാഗ്രതയിലാണ്. ആരോഗ്യ മാനദണ്ഡങ്ങള്‍ പാലിക്കുന്ന കാര്യത്തില്‍ ഈ ഘട്ടത്തിലും എല്ലാവരുടേയും പിന്തുണയും ഉണ്ടാകണം,
അടഞ്ഞ സ്ഥലങ്ങളില്‍ മാസ്‌ക് ധരിച്ചും കൂട്ടം ചേരലുകള്‍ ഒഴിവാക്കിയും ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ പാലിച്ചും മുഴുവന്‍ രജ്യനിവാസികളും സഹകരിക്കണം. ബൂസ്റ്റര്‍ വാക്‌സിന്‍ സ്വീകരിക്കേണ്ടതിന്റെ പ്രാധാന്യവും സര്‍ക്കാര്‍ വക്താവ് എടുത്തു പറഞ്ഞു. കഴിഞ്ഞ ദിവസം ബയാന്‍ കൊട്ടാരത്തില്‍ ചേര്‍ന്ന സുപ്രീം കൊറോണ എമര്‍ജന്‍സി കമ്മിറ്റി യോഗത്തിനു ശേഷം മാധ്യമങ്ങള്‍ക്കു നല്‍കിയ വിശദീകരണത്തിലാണ് സര്‍ക്കാര്‍ വക്താവ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.
ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ഹമദ് ജാബിര്‍ അലി അസ്വബാഹിന്റെ അധ്യക്ഷതയിലായിരുന്നു യോഗം. ആരോഗ്യമന്ത്രി ശൈഖ് ബാസില്‍ അസ്വബാഹ് രാജ്യത്തെആരോഗ്യ സാഹചര്യങ്ങള്‍ യോഗത്തില്‍ വിശദീകരിച്ചു.