അമ്പതോളം പേരുടെ ജീവൻ കവർന്ന അത്യാഹിതത്തിന്റെ നടുക്കം മാറാതെ കുവൈത്ത് പ്രവാസികൾ

ഗോവണികളിലും വരാന്തയിലും മുറികളിലുമായി മൃതദേഹങ്ങളുടെ നീണ്ട നിര തന്നെ ഉണ്ടായിരുന്നതായി രക്ഷാപ്രവർത്തകർ സാക്ഷ്യപ്പെടുത്തുന്നു.

Update: 2024-06-13 01:04 GMT
Advertising

കുവൈത്ത് സിറ്റി: അമ്പതോളം പേരുടെ ജീവൻ കവർന്ന അത്യാഹിതത്തിന്റെ നടുക്കം വിട്ടുമാറാതെ കുവൈത്ത് പ്രവാസികൾ. പലരും ഉറക്കത്തിലായിരുന്നതും പൊടുന്നനെ ഉയർന്ന പുകയിൽ പുറത്തിറങ്ങാൻ കഴിയാതെ വന്നതും അത്യാഹിതത്തിന്റെ വ്യാപ്തി കൂട്ടി. മോർച്ചറികളിലെയും ആശുപത്രികളിലെയും കാഴ്ചകൾ തീർത്തും ഹൃദയഭേദകമായിരുന്നു.

വേനൽക്കാലത്തുണ്ടാകുന്ന സാധാരണ തീപിടിത്തങ്ങളിൽ ഒന്ന്. അത്ര മാത്രമേ മംഗഫ് കെട്ടിടത്തിലെ അഗ്‌നിബാധയെ കുവൈത്ത് പ്രവാസികളിൽ പലരും കരുതിയിരുന്നുള്ളൂ. എന്നാൽ ഞൊടിയിടയിലാണ് തീപിടിത്തത്തിൽ അമ്പതോളം പേരുടെ ജീവൻ കവർന്ന വാർത്തയെത്തുന്നത്. ഒരേ കെട്ടിടത്തിൽ കഴിഞ്ഞിരുന്ന കൂട്ടത്തിലെ പലരും ബാക്കിയില്ലെന്ന യാഥാർഥ്യം ഉൾക്കൊള്ളാൻ കെട്ടിടത്തിലെ താമസക്കാരായ സഹപ്രവർത്തകർക്ക് ഇനിയുമായിട്ടില്ല. എൻ.ബി.ടി.സി കമ്പനി തൊഴിലാളികൾ വർഷങ്ങളായി താമസിക്കുന്ന കെട്ടിടം ഇന്നലെ വെളുപ്പാൻ കാലത്ത് ലോകത്തിന്റെ മുഴുവൻ കണ്ണീർകേന്ദ്രമായി മാറുകയായിരുന്നു. താഴത്തെനിലയിൽ തീ പടർന്ന വിവരമറിഞ്ഞ് ഗോവണിയിലൂടെ രക്ഷപ്പെടാൻ ശ്രമിച്ച പലരും പുകയിൽ കുടുങ്ങി മരണത്തിന് കീഴടങ്ങി. അതേസമയം മുറിയിൽ ജനാലകളിലൂടെ തല വെളിയിലേക്കിട്ട് പുകയിൽ നിന്ന് രക്ഷ തേടിയവരും കുറവല്ല. വേവലാതിക്കിടയിൽ മുകൾ നിലകളിൽനിന്ന് താഴേക്ക് ചാടി മരിച്ചവരും പരിക്കേറ്റവരും നിരവധിയാണ്.

ഗോവണികളിലും വരാന്തയിലും മുറികളിലുമായി മൃതദേഹങ്ങളുടെ നീണ്ട നിര തന്നെ ഉണ്ടായിരുന്നതായി രക്ഷാപ്രവർത്തകർ സാക്ഷ്യപ്പെടുത്തുന്നു. കനത്ത പുകയും ചൂടും കാരണം കെട്ടിടത്തിൽ പ്രവേശിക്കാൻ രക്ഷാപ്രവർത്തകർക്ക് സാധിക്കാതെ വന്നതും അത്യാഹിതത്തിന്റെ ആക്കം കൂട്ടി. ക്രെയിനുകൾ ഉപയോഗിച്ച് ബാൽക്കണികൾ മുഖേന അകത്തു പ്രവേശിച്ചാണ് പലരെയും സിവിൽ ഡിഫൻസ് രക്ഷിച്ചത്. മരിച്ചവരുടെ വിവരങ്ങൾ സംബന്ധിച്ച അവ്യക്തത മണിക്കൂറുകൾ പിന്നിട്ടിട്ടും തുടർന്നത് നാട്ടിൽ മാത്രമല്ല കുവൈത്തിലും അതിയായ ഉത്കണ്ഠ പടർത്തി.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News