ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടനത്തിനുള്ള അപേക്ഷകള്‍ സ്വീകരിച്ചുതുടങ്ങിയാതായി കുവൈത്ത്

കോവിഡ് പശ്ചാത്തലത്തില്‍ 65 വയസ്സില്‍ താഴെ ഉള്ളവര്‍ക്ക് മാത്രമാണ് ഹജ്ജിന് അനുമതി നല്‍കുക

Update: 2022-06-01 01:44 GMT
Advertising

ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടനത്തിനുള്ള അപേക്ഷകള്‍ സ്വീകരിച്ചുതുടങ്ങിയാതായി കുവൈത്ത് ഇസ്ലാമിക കാര്യ മന്ത്രാലയം അറിയിച്ചു. സര്‍ക്കാര്‍ സേവനങ്ങള്‍ക്കുള്ള ഏകജാലക സംവിധാനമായ സഹല്‍ ആപ്ലിക്കേഷന്‍ വഴിയാണ് അപേക്ഷകള്‍ സ്വീകരിക്കുന്നത്.

65 വയസ്സില്‍ താഴെ ഉള്ളവര്‍ക്ക് മാത്രമാണ് ഹജ്ജിന് അനുമതി നല്‍കുക. കോവിഡ് പശ്ചാത്തലത്തില്‍ സൗദിയാണ് പ്രായ നിബന്ധന വെച്ചത്. തീര്‍ഥാടകര്‍ സൗദി ആരോഗ്യ മന്ത്രാലയം അംഗീകരിച്ച കോവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയിരിക്കണം. സൗദിയില്‍ എത്തുമ്പോള്‍ 72 മണിക്കൂര്‍ സാധുതയുള്ള പി.സി.ആര്‍ പരിശോധന റിപ്പോര്‍ട്ട് ഹാജരാക്കണം.

ഹജ്ജ് കര്‍മ്മങ്ങള്‍ നിര്‍വഹിക്കുമ്പോള്‍ മാസ്‌ക് ധരിക്കണം. കോവിഡ് ചികിത്സാ ചെലവുകള്‍ കവര്‍ ചെയ്യുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് ഉണ്ടായിരിക്കണം എന്നിവയാണ് മറ്റു നിബന്ധനകള്‍.

3,622 പേര്‍ക്കാണ് ഈ വര്‍ഷം കുവൈത്തില്‍നിന്ന് ഹജ്ജിന് അനുമതി നല്‍കുക. കോവിഡ് പ്രതിസന്ധിക്ക് മുമ്പ് ഇത് 8000 ആയിരുന്നു. ഈ വര്‍ഷം ഹജ്ജ് തീര്‍ഥാടകരുടെ ആകെ എണ്ണം പത്തു ലക്ഷമായി സൗദി പരിമിതപ്പെടുത്തിയ സാഹചര്യത്തിലാണ് കുവൈത്തിന്റെ വിഹിതവും കുറഞ്ഞത്. രാജ്യത്തെ തീര്‍ഥാടക ക്വാട്ടയുടെ 15 ശതമാനം കുറഞ്ഞ നിരക്കിലുള്ള ഹജ്ജ് യാത്രകള്‍ക്കായി നീക്കിവെക്കുമെന്നും പ്രഖ്യാപിത സേവനങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തുമെന്നും ഔഖാഫ് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

കുവൈത്തില്‍നിന്ന് ഹജ്ജിന് പോകുന്നവര്‍ക്ക് ഈ വര്‍ഷം 3000 മുതല്‍ 4000 ദീനാര്‍ വരെ ചെലവ് വരുമെന്നാണ് കണക്കുകൂട്ടല്‍. ഇത് മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് 40 ശതമാനം അധികമാണ്. ക്വാട്ട കുറച്ചതും യാത്രക്കും താമസത്തിനും മറ്റുമുള്ള നിരക്കുകള്‍ കൂടിയതുമാണ് ഹജ്ജ് യാത്രയുടെ ചെലവേറാന്‍ കാരണമായി പറയപ്പെടുന്നത്.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News