സർവ്വകലാശാല പട്ടികയിൽ ഇടംനേടി കുവൈത്ത് സര്‍വ്വകലാശാല
ക്യുഎസ് വേൾഡ് യൂണിവേഴ്‌സിറ്റി റാങ്കിംഗിന്റെ ഏറ്റവും പുതിയ പട്ടികയിലാണ് ലോകത്തിലെ മികച്ച ആയിരം സർവ്വകലാശാലകളിൽ കുവൈത്ത് യൂണിവേഴ്സിറ്റി ഇടം നേടിയത്.
കുവൈത്ത് സിറ്റി: സർവ്വകലാശാല പട്ടികയിൽ മികച്ച നേട്ടം കരസ്ഥമാക്കി കുവൈത്ത് സര്‍വ്വകലാശാല ക്യുഎസ് വേൾഡ് യൂണിവേഴ്‌സിറ്റി റാങ്കിംഗിലാണ് കുവൈത്ത് യൂണിവേഴ്സിറ്റി ശ്രദ്ധേയമായ നേട്ടം കൈവരിച്ചത്.
ക്യുഎസ് വേൾഡ് യൂണിവേഴ്‌സിറ്റി റാങ്കിംഗിന്റെ ഏറ്റവും പുതിയ പട്ടികയിലാണ് ലോകത്തിലെ മികച്ച ആയിരം സർവ്വകലാശാലകളിൽ കുവൈത്ത് യൂണിവേഴ്സിറ്റി ഇടം നേടിയത്. ഇത്തവണത്തെ റാങ്കിങ്ങിൽ 851-മത് സ്ഥാനമാണ് കുവൈത്ത് സർവ്വകലാശാലക്ക്.അക്കാദമിക് രംഗത്തെ മികവും,അദ്ധ്യാപക-വിദ്യാര്‍ഥി അനുപാതം, തൊഴിൽ വിപണിയിലെ യൂണിവേഴ്സിറ്റി പ്രശസ്തി , അക്കാദമിക് ഗവേഷണ പേപ്പറുകള്‍ തുടങ്ങി നിരവധി സൂചകങ്ങള്‍ അടിസ്ഥാനമാക്കിയാണ് റാങ്കിംഗ് തയ്യാറാക്കുന്നത്.
ക്യുഎസ് സ്ഥാപകനും സിഇഒയുമായ നൻസിയോ ക്വാക്വറെല്ലിയാണ് റാങ്കിംഗ് പുറത്ത് വിട്ടത്.പട്ടികയിൽ 2,900 സ്ഥാപനങ്ങളെയാണ് ലിസ്റ്റ് ചെയ്തത്. രാജ്യത്ത് നിന്നും കുവൈത്ത് യൂണിവേഴ്സിറ്റി മാത്രമാണ് പട്ടികയില്‍ ഇടം പിടിച്ചത്. വിഷന്‍-2035 ന്‍റെ ഭാഗമായി വലിയ രീതിയിലുള്ള വികസന പദ്ധതികളാണ് കുവൈത്ത് യൂണിവേഴ്സിറ്റിയില്‍ നടന്നു കൊണ്ടിരിക്കുന്നത്. വിദ്യാഭ്യാസ രംഗത്ത് രാജ്യം കൈവരിച്ച നേട്ടത്തിൽ വളരെയധികം സന്തോഷമുണ്ടെന്ന് സര്‍വ്വകലാശാല അധികൃതര്‍ പറഞ്ഞു.
വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രൊഫസർമാരും, ഫാക്കല്‍റ്റികളും, 37,000 ളം വിദ്യാര്‍ഥികളുമാണ് സര്‍വ്വകലാശാലയില്‍ പഠിക്കുന്നത്. ആഗോളതലത്തിൽ മികച്ച യുണിവേഴ്‌സിറ്റികളുടെ പട്ടികയിലും നേരത്തെ കുവൈത്ത് സർവകലാശാല സ്ഥാനം പിടിച്ചിരുന്നു.