തൊഴിൽ വിസ റിക്രൂട്ട്‌മെൻറ് നടപടികളിൽ മാറ്റങ്ങളുമായി കുവൈത്ത്
കുവൈത്തിലെ ചില മേഖലകളിൽ നിലനിൽക്കുന്ന തൊഴിൽക്ഷാമം പരിഹരിക്കാൻ ലക്ഷ്യമിട്ടാണ് പുതിയ നടപടി
കുവൈത്ത് സിറ്റി: തൊഴിൽ വിസ റിക്രൂട്ട്‌മെൻറ് നടപടികളിൽ മാറ്റങ്ങൾ വരുത്തി കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ. കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന മാനവശേഷി സമിതിയുടെ യോഗത്തിലാണ് പുതിയ തീരുമാനമെടുത്തത്.
പുതിയ തീരുമാനം നടപ്പിലാക്കുന്നതോടെ തൊഴിലുടമകൾക്ക് തങ്ങളുടെ ആവശ്യത്തിനനുസരിച്ച് സ്വതന്ത്രമായി തൊഴിലാളികളെ വിദേശത്ത് നിന്നും റിക്രൂട്ട് ചെയ്യുവാൻ സാധിക്കും. നേരത്തെ വിദേശ രാജ്യങ്ങളിൽ നിന്നും റിക്രൂട്ട് ചെയ്യുന്ന തൊഴിലാളികളുടെ എണ്ണത്തിന് അധികൃതർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. എന്നാൽ രാജ്യത്ത് ചില മേഖലകളിൽ നിലനിൽക്കുന്ന തൊഴിൽക്ഷാമം പരിഹരിക്കാൻ ലക്ഷ്യമിട്ടാണ് ഈ നടപടികളെന്നാണ് സൂചന.
തൊഴിലാളിയുടെ വർക്ക് പെർമിറ്റിന് ആദ്യ തവണ 150 ദീനാറാണ് ഈടാക്കുക. പുതിയ തീരുമാന പ്രകാരം ജോലി ചെയ്യുന്ന ആദ്യ സ്ഥാപനത്തിൽ നിന്നും പ്രവാസി തൊഴിലാളികൾക്ക് മൂന്ന് വർഷത്തിനുള്ളിൽ 300 ദിനാർ ട്രാൻസ്ഫർ ഫീസ് നൽകി തൊഴിലുടമയുടെ അനുവാദത്തോടെ മറ്റൊരു സ്ഥാപനത്തിലേക്ക് മാറുവാൻ അനുവദിക്കും.
രാജ്യത്തെ ബിസിനസ് അന്തരീക്ഷം മെച്ചപ്പെടുത്താനും വിസ കടത്ത് തടയാനും തൊഴിൽ ചെലവ് കുറയ്ക്കാനും പുതിയ തീരുമാനം സഹായകരമാകുമെന്നാണ് പ്രതീക്ഷ. 2024 ജൂൺ ഒന്നു മുതൽ പുതിയ തീരുമാനം നടപ്പിലാകും.