പൊതുപണം ദുരുപയോഗം ചെയ്തു; കുവൈത്ത് മുൻ ഉപപ്രധാനമന്ത്രിക്ക് 14 വർഷം തടവുശിക്ഷ

മുൻ ഉപപ്രധാനമന്ത്രിയും ആഭ്യന്തര, പ്രതിരോധ മന്ത്രിയുമായ ശൈഖ് തലാൽ ഖാലിദ് അസ്സബാഹിനാണ് കോടതി ശിക്ഷ വിധിച്ചത്

Update: 2025-01-15 11:14 GMT
Editor : Thameem CP | By : Web Desk
Advertising

കുവൈത്ത് സിറ്റി: പൊതുപണം ദുരുപയോഗം ചെയ്ത കേസിൽ കുവൈത്ത് മുൻ ഉപപ്രധാനമന്ത്രിയും ആഭ്യന്തര, പ്രതിരോധ മന്ത്രിയുമായ ശൈഖ് തലാൽ ഖാലിദ് അസ്സബാഹിന് 14 വർഷം തടവുശിക്ഷ വിധിച്ചു. രണ്ട് പ്രത്യേക ഉത്തരവുകളിലായാണ് ഏഴുവർഷം വീതം തടവ് മിനിസ്റ്റീരിയൽ കോടതി വിധിച്ചത്. പ്രതിരോധ മന്ത്രാലയത്തിൽ നിന്ന് 9.5 ദശലക്ഷം കുവൈത്ത് ദിനാറും ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് 500,000 കുവൈത്ത് ദിനാറും തട്ടിയെടുത്തു എന്ന കേസിനാണ് മന്ത്രിയെ കുറ്റക്കാരനാക്കിയത്. കോടതി 10 ദശലക്ഷം ദിനാർ തിരിച്ചു നൽകാനും 20 ദശലക്ഷം ദിനാർ പിഴയടക്കാനും ഉത്തരവിട്ടു. കേസിൽ മറ്റൊരു പ്രതിയായ വിദേശിക്ക് നാലുവർഷം തടവും കോടതി വിധിച്ചിട്ടുണ്ട്.

2021 ഡിസംബറിൽ ആദ്യമായി പ്രതിരോധ മന്ത്രിയായി മന്ത്രിസഭയിൽ പ്രവേശിച്ച ശൈഖ് തലാൽ 2024 ജനുവരി വരെ പ്രതിരോധ മന്ത്രിയായി തുടർന്നു. ഈ കാലയളവിൽ പ്രതിരോധ മന്ത്രിസ്ഥാനത്തോടൊപ്പം പ്രത്യേകമായി ആഭ്യന്തര മന്ത്രിസ്ഥാനവും അദ്ദേഹത്തിന് ലഭിച്ചിരുന്നു. അടുത്ത കാലത്തായി കുവൈത്ത് കോടതികൾ അഴിമതിക്കേസുകളിൽ നിരവധി മന്ത്രിമാരെയും മുതിർന്ന ഉദ്യോഗസ്ഥരെയും ജയിലിലടയ്ക്കുകയും അഴിമതി നടത്തിയ ഫണ്ടുകൾ തിരിച്ചടയ്ക്കാൻ ഉത്തരവിടുകയും അവർക്കെതിരെ കനത്ത പിഴ ചുമത്തുകയും ചെയ്തിട്ടുണ്ട്.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News