പരീക്ഷാ പേപ്പർ ചോർത്തി; ആറു പേർക്ക് തടവും പിഴയും
പത്ത് വർഷം തടവും 42,000 ദീനാർ പിഴയുമാണ് വിധിച്ചത്
Update: 2025-01-15 13:59 GMT
കുവൈത്ത് സിറ്റി: ഹൈസ്‌കൂൾ പരീക്ഷാ ചോദ്യപേപ്പർ ചോർത്തിയ ആറു പേർക്ക് കുവൈത്ത് ക്രിമിനൽ കോടതി ശിക്ഷ വിധിച്ചു. കുവൈത്ത് പൗരന്മാരായ സ്ത്രീയും പുരുഷനും ഉൾപ്പടെ മൂന്ന് സഹോദരങ്ങൾ, ഒരു പ്രവാസി എന്നിവർക്കാണ് പത്ത് വർഷം തടവും 42,000 ദീനാർ പിഴയും വിധിച്ചത്. കൂടാതെ കുറ്റകൃത്യത്തിൽ പങ്കാളിയായ അധ്യാപികക്ക് ഒരു വർഷം തടവും ചുമത്തി.
ചോർത്തിയ പേപ്പറുകൾക്ക് 50 ദീനാർ വീതം വിദ്യാർത്ഥികളിൽ നിന്ന് സംഘം കൈപറ്റിയതായി അന്വേഷണത്തിൽ കണ്ടെത്തി.കള്ളപ്പണം വെളുപ്പിക്കുന്നതിനും രഹസ്യ വിവരങ്ങൾ വെളിപ്പെടുത്തിയതിനും പ്രതികൾക്കെതിരെ കഴിഞ്ഞ വർഷം കേസെടുത്തിരുന്നു. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പരീക്ഷകൾ ചോർത്തുകയും സോഷ്യൽ മീഡിയയിൽ വിൽപ്പന നടത്തുകയും ചെയ്തുവെന്ന സംശയത്തിൽ സമാന കേസുകളിൽ ഉൾപെട്ടവർക്കൊപ്പം പ്രതികളെ നേരത്തെ പിടികൂടുകയായിരുന്നു.