കുടുംബ സന്ദർശന വിസ‍യ്ക്കായി കുവൈത്തിലെ റെസിഡൻസി ഓഫീസുകളില്‍ വൻ തിരക്ക്

ആദ്യദിനത്തില്‍ എണ്ണായിരത്തോളം പ്രവാസികള്‍ അപേക്ഷ സമര്‍പ്പിച്ചതില്‍ 1,763 പേര്‍ക്ക് വിസ അനുവദിച്ചു

Update: 2024-02-08 16:37 GMT
Editor : Shaheer | By : Web Desk
Advertising

കുവൈത്ത് സിറ്റി: കുടുംബ സന്ദർശന വിസ പുനരാരംഭിച്ചതോടെ കുവൈത്തില്‍ ആദ്യദിനം ഗവർണറേറ്റുകളിലെ റെസിഡൻസി ഓഫീസുകളില്‍ വൻ തിരക്ക്. 1,763 വിസ അപേക്ഷകള്‍ സ്വീകരിച്ചു. ഫാമിലി-ബിസിനസ് സന്ദർശന വിസകള്‍ക്ക് ഒരു മാസവും ടൂറിസ്റ്റ് വിസകള്‍ക്ക് മൂന്ന് മാസവും കാലാവധി അനുവദിക്കും. മെറ്റ പോര്‍ട്ടല്‍ വഴി മുൻകൂട്ടി അപ്പോയിൻ്റ്‌മെൻ്റ് ബുക്ക് ചെയ്താണ് റെസിഡൻസി ഓഫീസുകളില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടത്.

ദീര്‍ഘകാലമായി നിര്‍ത്തിവച്ച ഫാമിലി വിസിറ്റ് വിസകള്‍ ഇന്നലെയാണു പുനരാരംഭിച്ചത്. രാജ്യത്തെ ആറ് ഗവർണറേറ്റുകളിലെ റെസിഡൻസി ഓഫീസുകളില്‍ വൻ തിരക്കാണ് അനുഭവപ്പെട്ടത്. ആദ്യ ദിനത്തില്‍ എണ്ണായിരത്തോളം പ്രവാസികളാണ് വിസക്കായി അപേക്ഷ സമര്‍പ്പിച്ചത്. ഇതില്‍ 1,763 അപേക്ഷകള്‍ സ്വീകരിക്കുകയും വിസ അനുവദിക്കുകയും ചെയ്തു.

ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കാത്തതിനെ തുടര്‍ന്നാണ് മിക്ക അപേക്ഷകളും നിരസിച്ചത്. ഹവല്ലി, ക്യാപിറ്റൽ, ജഹ്‌റ, അഹമ്മദി ഗവർണറേറ്റുകളിലെ റെസിഡൻസി ഓഫീസുകളിലാണ് കൂടുതല്‍ അപേക്ഷ ലഭിച്ചത്. അതിനിടെ, അപേക്ഷകരുടെ തിരക്ക് കാരണം മെറ്റ പോര്‍ട്ടലില്‍ അടുത്ത ദിവസങ്ങളില്‍ വിവിധ ഗവർണറേറ്റുകളില്‍ അപ്പോയിൻ്റ്‌മെൻ്റ് ലഭ്യമല്ല.

വിസ അപേക്ഷകന് പ്രതിമാസ ശമ്പളം ചുരുങ്ങിയത് 400 ദീനാര്‍ ഉണ്ടാകണം. മറ്റു ബന്ധുക്കള്‍ക്കായി അപേക്ഷ സമര്‍പ്പിക്കുന്നവര്‍ക്കുള്ള ചുരുങ്ങിയ ശമ്പളം 800 ദീനാറാണ്. നിലവില്‍ അപേക്ഷയോടൊപ്പം കുവൈത്ത് ദേശീയ വിമാനക്കമ്പനികളായ കുവൈത്ത് എയർവേയ്‌സ്, ജസീറ എയർവേയ്‌സ് എന്നീവരുടെ റിട്ടേണ്‍ ടിക്കറ്റ് ഉണ്ടായിരിക്കണം.

തൊഴില്‍ വിസയിലേക്കോ ഫാമിലി വിസയിലേക്കോ മാറ്റില്ലെന്നും വിസിറ്റ് വിസ കാലാവധി പാലിക്കുമെന്നും സന്ദര്‍ശകര്‍ ചികിത്സയ്‍ക്കായി സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളെ ആശ്രയിക്കുമെന്ന സത്യപ്രസ്താവനയും വിസ അപേക്ഷയോടൊപ്പം നല്‍കണം. വിസിറ്റ് വിസകള്‍ക്ക് പ്രത്യേക പ്രായപരിധി നിശ്ചയിച്ചിട്ടില്ല. വിസിറ്റ് വിസകളുടെ കാലാവധി നിലവില്‍ ഒരു മാസമാണ് അനുവദിക്കുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം സന്ദര്‍ശന കാലാവധി പുതുക്കിനല്‍കില്ലെനാണ്‌ സൂചനകള്‍. അതിനിടെ, താമസകാലയളവ് ലംഘിക്കുന്ന സാഹചര്യത്തിൽ സന്ദർശകനും സ്പോൺസർക്കുമെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

Summary: With the resumption of family visit visas, there was a huge rush at the residency offices in the governorates on the first day in Kuwait

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News