കുവൈത്തിൽ വൻ മയക്കുമരുന്ന് വേട്ട; ഹാഷിഷും ക്യാപ്റ്റഗൺ ഗുളികകളും പിടികൂടി
രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് നിരീക്ഷണം ശക്തമാക്കുകയായിരുന്നു.
കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് കടത്താൻ ശ്രമിച്ച വൻ മയക്കുമരുന്ന് ശേഖരം പിടികൂടി. 120 കിലോഗ്രാം ഹാഷിഷും 36,000 ക്യാപ്റ്റഗൺ ഗുളികകളും അടക്കമുള്ള മാരക ലഹരി വസ്തുക്കളും പ്രതികളില്‍ നിന്ന് പിടിച്ചെടുത്തു.
ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അസ്സബാഹിന്‍റെ മേല്‍നോട്ടത്തിലാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് നിരീക്ഷണം ശക്തമാക്കുകയായിരുന്നു. മയക്കുമരുന്ന് കടത്തുകാരിൽ കടുത്ത വെല്ലുവിളിയാണ് കുവൈത്ത് നേരിടുന്നത്.
ഇവർക്കെതിരെ ശക്തമായ നടപടി തുടരുമെന്നും മയക്കുമരുന്ന് കടത്തുകാരുടെ വലയിൽ വീഴാൻ കുട്ടികളെയും യുവാക്കളെയും അനുവദിക്കില്ലെന്നും ശൈഖ് തലാൽ പറഞ്ഞു. അണ്ടർ സെക്രട്ടറി ശൈഖ് മുബാറക് സലീം അൽ അലി അസ്സബാഹ് ഉൾപ്പെടെ മുതിർന്ന ഉദ്യോഗസ്ഥരും മന്ത്രിയെ അനുഗമിച്ചു.
തുടര്‍ നടപടികള്‍ക്കായി പ്രതികളെ ഡ്രഗ് കൺട്രോൾ ജനറൽ ഡിപ്പാർട്ട്‌മെന്റിലേക്ക് മാറ്റി. അടുത്തകാലത്തായി രാജ്യത്ത് മയക്കുമരുന്ന് ഉപയോഗവും വിപണനവും ഗണ്യമായി വർധിച്ചതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.