ജീവൻ രക്ഷാമരുന്നുകളുടെ ലഭ്യത ഉറപ്പാക്കും; രാജ്യത്ത് മരുന്നുക്ഷാമമില്ലെന്ന് കുവൈത്ത്
രാജ്യത്ത് മരുന്നുലഭ്യത ഉറപ്പാക്കാൻ ആരോഗ്യ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്നും അധികൃതർ അറിയിച്ചു
കുവൈത്ത് സിറ്റി: ആഗോളതലത്തിലുണ്ടായ മരുന്നുക്ഷാമം നേരിടാനായുള്ള നടപടികള്‍ സ്വീകരിച്ചതായി ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ അവാദി. രാജ്യത്ത് വിവിധ ഔഷധങ്ങളുടെയും മെഡിക്കൽ ഉൽപന്നങ്ങളുടെയും ശേഖരം സുരക്ഷിതമാണെന്നും ജീവൻരക്ഷാമരുന്നുകളുടെ ലഭ്യത ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
അർബുദ രോഗചികിത്സക്ക് ഉപയോഗിക്കുന്ന മരുന്നുകള്‍ക്ക് ക്ഷാമമില്ലെന്നും രാജ്യത്തെ ആശുപത്രികൾക്കും ക്ലിനിക്കുകൾക്കും ആവശ്യത്തിനുള്ള മരുന്നുകൾ ലഭ്യമാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു . കോവിഡ് മഹാമാരിക്കുശേഷം ചില മരുന്നുകമ്പനികൾ ഉൽപാദനം മതിയാക്കുകയും ഫാക്ടറികൾ അടച്ചുപൂട്ടുകയും ചെയ്തത് ആഗോളതലത്തില്‍ മരുന്നുലഭ്യത കുറച്ചിട്ടുണ്ട്.
അതോടൊപ്പം മരുന്നുകളുടെ ഉയർന്ന വിലയും വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. എന്നാല്‍ രാജ്യത്ത് മരുന്നുലഭ്യത ഉറപ്പാക്കാൻ ആരോഗ്യ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്നും നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ പ്രത്യേക പദ്ധതി ആവിഷ്കരിച്ചതായും അധികൃതർ അറിയിച്ചു.
ഏതെങ്കിലും മരുന്ന് ലഭ്യമല്ലാത്ത സാഹചര്യത്തിൽ ബദൽ മരുന്ന് നൽകാൻ മന്ത്രാലയത്തിന് കൃത്യമായ പ്രോട്ടോക്കോൾ നിലവിലുണ്ട്. പ്രാദേശികമായി ലഭ്യമല്ലാത്ത മരുന്നുകൾ വിദേശരാജ്യങ്ങളിലെ ആരോഗ്യസംവിധാനങ്ങളുമായി കൈകോർത്തുകൊണ്ട് വേഗത്തിൽ എത്തിക്കാനുള്ള സംവിധാനങ്ങൾ രാജ്യത്ത് നിലവില്‍ ഉണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.