കുവൈത്തി ജീവനക്കാരുടെ ശമ്പളം വർധിപ്പിക്കണമെന്ന് പാര്‍ലിമെന്റ് അംഗങ്ങള്‍

Update: 2023-08-08 14:04 GMT
Advertising

കുവൈത്തി ജീവനക്കാരുടെ ശമ്പളം വർധിപ്പിക്കാനുള്ള നിർദ്ദേശവുമായി പാര്‍ലിമെന്റ് അംഗങ്ങള്‍. സ്വകാര്യ-പൊതു മേഖലയില്‍ ജോലി ചെയ്യുന്ന സ്വദേശികളുടെ ശമ്പളം വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് കരട് നിയമങ്ങൾ ദേശീയ അസംബ്ലിയില്‍ അവതരിപ്പിച്ചത്.

ജീവിതച്ചെലവ് കുത്തനെ ഉയര്‍ന്നതിനാല്‍ സർക്കാർ, സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്ന കുവൈത്തി പൗരന്മാര്‍ക്കും, പെൻഷൻകാർക്കും വേതനം ഉയർത്തണമെന്നാണാവശ്യം. 

ഇത് സംബന്ധമായ കരട് നിര്‍ദ്ദേശം എംപിമാർ സമർപ്പിച്ചു. 400 ദിനാര്‍ വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് അഞ്ച് എംപിമാർ ഉള്‍പ്പെടുന്ന സംഘം, കരട് നിയമം ദേശീയ അസംബ്ലിയില്‍ അവതരിപ്പിച്ചത്. 

 ശമ്പള വർധനയിൽ സൈനികരെയും , പോലീസുകാരെയും ഉൾപ്പെടുത്തുമെന്നും നിര്‍ദ്ദേശമുണ്ട്. സ്വദേശി കുടുംബങ്ങളെ, ജീവിതച്ചെലവിലെ പ്രതിസന്ധി നേരിടാൻ പ്രാപ്തരാക്കുന്നതിന് വേതന വര്‍ദ്ധനവ് അനിവാര്യമാണെന്ന് എം.പിമാര്‍ പറഞ്ഞു. സ്വദേശികള്‍ക്ക് ബാങ്ക് വായ്പകളില്‍ നിന്നും കടാശ്വാസം ആവശ്യപ്പെടുന്ന കരട് നിയമവും ഇതോടപ്പം സമര്‍പ്പിച്ചിട്ടുണ്ട്. വായ്പയുടെ ഉയർന്ന പലിശനിരക്കിൽ നിന്ന് കടക്കാരെ മോചിപ്പിക്കുക എന്നതാണ് ബില്ലിന്റെ പ്രധാന ലക്ഷ്യം. 

 21 വയസ്സിന് മുകളിലുള്ള കുവൈത്തി പൗരന്‍മാര്‍ക്കായി നിക്ഷേപിച്ച, വിദേശ നിക്ഷേപങ്ങളുടെ വരുമാനത്തിന്റെ 20 ശതമാനം സർക്കാർ വിതരണം ചെയ്യണമെന്നും എം.പിമാര്‍ ആവശ്യപ്പെട്ടു. 

നേരത്തെ പൊതുമേഖലയിൽ ജോലി നൽകാൻ സാധിക്കാത്ത സാഹചര്യത്തിൽ സ്വകാര്യ മേഖലയിലെ ജോലിക്ക് കുവൈത്തികളെ പ്രേരിപ്പിക്കുവാന്‍ അലവൻസുകള്‍ ഇരട്ടിയാക്കിയിരുന്നു.

നിലവില്‍ സ്വകാര്യ മേഖലയിൽ ജോലിയെടുക്കാൻ കുവൈത്തികൾ താൽപര്യം കാണിക്കാത്ത സ്ഥിതിയുണ്ട്. ജോലിക്ക് അപേക്ഷിച്ച് കാത്തിരിക്കുന്നവർക്ക് മാൻപവർ അതോറിറ്റി അവസരമൊരുക്കിയപ്പോൾ ഭൂരിഭാഗവും തയാറായിരുന്നില്ല.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News