കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള യാത്രക്കാരുടെ എണ്ണത്തിൽ വർധനവ്
വിമാന സർവീസുകളുടെ എണ്ണം 2 ശതമാനവും, ചരക്ക് ഗതാഗതം 28 ശതമാനവും വർധിച്ചു.
കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ കഴിഞ്ഞ മെയ് മാസം യാത്ര ചെയ്തവരുടെ എണ്ണം 11,51,421 ആയി വർധിച്ചതായി സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറൽ (DGCA) അറിയിച്ചു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിമാന സർവീസുകളുടെ എണ്ണം 2 ശതമാനവും, ചരക്ക് ഗതാഗതം 28 ശതമാനവും വർധിച്ചു.വ്യോമയാന സുരക്ഷ, വ്യോമ ഗതാഗതകാര്യങ്ങൾ എന്നിവയുടെ ചുമതല വഹിക്കുന്ന ഡെപ്യൂട്ടി ഡയറക്ടർ ജനറൽ അബ്ദുള്ള അൽ-റാജ്ഹിയാണ് പുതിയ കണക്കുകൾ പുറത്തുവിട്ടത്.
കഴിഞ്ഞ മെയ് മാസം 5,32,841 പേർ വിമാനത്താവളത്തിലെത്തുകയും 6,18,580 പേർ വിമാനത്താവളത്തിൽ നിന്ന് യാത്ര പുറപ്പെടുകയും ചെയ്തു. 2023 ലെ 9,744 ഫ്ളൈറ്റുകളെ അപേക്ഷിച്ച് കഴിഞ്ഞ മാസം 9,959 ഫ്ളൈറ്റുകൾ വിമാനത്താവളത്തിൽ സർവീസ് നടത്തുകയും ചെയ്തു.
മൊത്തം 20.4 ദശലക്ഷം കിലോഗ്രാം ചരക്ക് ഗതാഗതമാണ് ഈ കാലയളവിൽ കൈകാര്യം ചെയ്തത്. ഇതിൽ 16.8 ദശലക്ഷം കിലോഗ്രാം വിമാനത്താവളത്തിലെത്തിച്ചേർന്നപ്പോൾ 3.5 ദശലക്ഷം കിലോഗ്രാം ചരക്ക് കയറ്റി അയക്കുകയും ചെയ്തു.കഴിഞ്ഞ മെയ് മാസത്തിൽ ദുബൈ, കെയ്റോ, ഇസ്താംബുൾ, ദോഹ, റിയാദ് എന്നിവയായിരുന്നു ഏറ്റവും ജനപ്രിയമായ ലക്ഷ്യസ്ഥാനങ്ങളെന്ന് അബ്ദുള്ള അൽ-റാജ്ഹി വ്യക്തമാക്കി.