കുവൈത്തിലെ ആരോഗ്യ രംഗത്ത് 25,000ത്തിലധികം ഇന്ത്യക്കാർ: മിഷാൽ അൽ ഷമാലി
ഏകദേശം 1,000 ഡോക്ടർമാർ, 500 ദന്തഡോക്ടർമാർ, 24,000 നഴ്സുമാർ എന്നിങ്ങനെയാണ് ഇന്ത്യക്കാരുടെ എണ്ണമെന്നും മിഷാൽ
കുവൈത്ത് സിറ്റി:കുവൈത്തിൽ 25,000ത്തിലധികം ഇന്ത്യൻ ഡോക്ടർമാരും നഴ്‌സുമാരുമുണ്ടെന്ന് ഇന്ത്യയിലെ കുവൈത്ത് അംബാസഡർ മിഷാൽ അൽ ഷമാലി. അറബ് ടൈംസ് അഭിമുഖത്തിലാണ് അദ്ദേഹം വിവരം പങ്കുവെച്ചത്. ഏകദേശം 1,000 ഡോക്ടർമാർ, 500 ദന്തഡോക്ടർമാർ, 24,000 നഴ്സുമാർ എന്നിങ്ങനെയാണ് രാജ്യത്തെ ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്ന ഇന്ത്യക്കാരുടെ എണ്ണമെന്നും അദ്ദേഹം വ്യക്തമാക്കി.
കുവൈത്ത്-ഇന്ത്യ ബന്ധം ദൃഢമാണെന്നും ഉഭയകക്ഷി ബന്ധങ്ങൾ, തന്ത്രപരമായ പങ്കാളിത്തം, വിവിധ മേഖലകളിലെ സഹകരണം എന്നിവ കൂടുതൽ ശക്തിപ്പെടുത്തുന്നതിന് ഏഴാം വട്ട ചർച്ച അടുത്ത വർഷം ന്യൂഡൽഹിയിൽ നടക്കുമെന്നും വരും ദിവസങ്ങളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉന്നതതല ഉഭയകക്ഷി സന്ദർശനങ്ങൾക്ക് സാക്ഷ്യം വഹിക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തി. കുവൈത്തിൽ ഏകദേശം ഒരു ദശലക്ഷം ഇന്ത്യക്കാരുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിലേക്ക് ആയിരക്കണക്കിന് കുവൈത്തികൾ പതിവായി യാത്ര ചെയ്യുന്നതായും പറഞ്ഞു.
കുവൈത്തും ഇന്ത്യയും തമ്മിലുള്ള സഹകരണത്തിന്റെ ഏറ്റവും പ്രധാനപ്പെട്ടത് ആരോഗ്യ മേഖലയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കുവൈത്തിലെ ഗവൺമെൻറ്-സ്വകാര്യ മേഖലകളിൽ ആരോഗ്യ സംരക്ഷണം നൽകുന്നതിൽ ഇന്ത്യൻ ഡോക്ടർമാരുടെയും നഴ്സുമാരുടെയും പങ്കാളിത്തം പ്രധാനമാണെന്നും പറഞ്ഞു.