കുവൈത്തിൽ അക്കാദമിക് സർട്ടിഫിക്കറ്റുകൾ സമർപ്പിക്കാൻ ബാക്കിയുള്ളത് നാൽപ്പതിനായിരത്തിലധികം ജീവനക്കാർ
സിവിൽ സർവീസ് കമ്മീഷനാണ് അക്കാദമിക് ക്രെഡൻഷ്യലുകൾ പരിശോധിക്കുവാൻ നേരത്തെ ഉത്തരവിട്ടത്.
കുവൈത്ത് സിറ്റി: കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയത്തിൽ അക്കാദമിക് ക്രെഡൻഷ്യലുകൾ സമർപ്പിക്കുവാൻ ബാക്കിയുള്ളത് 40,000-ത്തിലധികം ജീവനക്കാർ. സിവിൽ സർവീസ് കമ്മീഷനാണ് അക്കാദമിക് ക്രെഡൻഷ്യലുകൾ പരിശോധിക്കുവാൻ നേരത്തെ ഉത്തരവിട്ടത്. ജീവനക്കാരിൽ പലരും സർട്ടിഫിക്കറ്റുകൾ സമർപ്പിക്കുവാൻ പരാജയപ്പെട്ടതായി പ്രാദേശിക മാധ്യമമായ അൽ-സെയാസ്സ റിപ്പോർട്ട് ചെയ്തു.
2000-ന്റെ തുടക്കം മുതലുള്ള സ്വദേശി - വിദേശി ജീവനക്കാരുടെ എല്ലാ സർട്ടിഫിക്കറ്റുകളും പരിശോധനക്ക് വിധേയമാക്കും.വിദേശ സർട്ടിഫിക്കറ്റുകളായിരുന്നു പരിശോധനയുടെ ആദ്യ ഘട്ടത്തിൽ ഉൾപ്പെടുത്തിയത്.മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴിയാണ് സർട്ടിഫിക്കറ്റുകൾ സമർപ്പിക്കേണ്ടത്.ഓരോ ജീവനക്കാരന്റെയും അക്കാദമിക് ക്രെഡൻഷ്യലുകൾ സൂക്ഷ്മമായ പരിശോധനകൾക്ക് വിധേയമാക്കും.
വ്യവസ്ഥകൾ പാലിക്കാത്ത ജീവനക്കാർക്കെതിരെ സിവിൽ സർവീസ് കമ്മീഷനുമായി സഹകരിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.ബാച്ചിലേഴ്‌സ്, ഗ്രാജ്വേറ്റ് ഡിപ്ലോമകൾ, മാസ്റ്റേഴ്‌സ്, ഡോക്ടറേറ്റുകൾ എന്നിവ ഉൾപ്പെടെ എല്ലാ സർട്ടിഫിക്കറ്റുകളും പരിശോധനക്ക് വിധേയമാക്കും. രാജ്യത്ത് വ്യാജ സർട്ടിഫിക്കറ്റുകൾ തിരിച്ചറിയുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. ഇതിലൂടെ തൊഴിൽ മേഖലയിൽ ഗുണമേന്മ ഉറപ്പ് വരുത്തുവാൻ കഴിയുമെന്നാണ് പ്രതീക്ഷ. മറ്റ് സർക്കാർ മന്ത്രാലയങ്ങൾ ജീവനക്കാരുടെ യോഗ്യത സംബന്ധമായ വിവരങ്ങൾ ശേഖരിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ഇതിനകം ആരംഭിച്ചിട്ടുണ്ട്.