'നരേന്ദ്ര മോദി ലോകത്തെ ഏറ്റവും ജ്ഞാനികളായ വ്യക്തികളിൽ ഒരാൾ'; പ്രശംസിച്ച് കുവൈത്ത് വിദേശകാര്യ മന്ത്രി
ഉഭയകക്ഷി സഹകരണത്തിനായി സംയുക്ത കമ്മീഷൻ സ്ഥാപിക്കാനുള്ള ധാരണാപത്രത്തിൽ ഇന്ത്യയും കുവൈത്തും ഒപ്പുവച്ചു
കുവൈത്ത് സിറ്റി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി കുവൈത്ത് വിദേശകാര്യ മന്ത്രി അബ്ദുള്ള അലി അൽ യഹ്യ. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായാണ് കുവൈത്ത് വിദേശകാര്യ മന്ത്രി ബുധനാഴ്ച ഇന്ത്യയിൽ എത്തിയത്. ഇന്ത്യയെ 'വളരെ പ്രധാനപ്പെട്ട പങ്കാളി' എന്ന് വിശേഷിപ്പിച്ച അദ്ദേഹം നരേന്ദ്ര മോദിയെ പ്രശംസിക്കുകയും ചെയ്തു. ലോകത്തെ ഏറ്റവും ജ്ഞാനികളായ വ്യക്തികളിൽ ഒരാളാണ് മോദിയെന്ന് തങ്ങൾ വിശ്വസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ വൈകിട്ടാണ് നരേന്ദ്ര മോദിയെ ലോക് കല്യാൺ മാർഗ്ഗിലെ വസതിയിൽ അബ്ദുള്ള അലി അൽ യഹ്യ സന്ദർശിച്ചത്. 'കുവൈത്ത് വിദേശകാര്യമന്ത്രി അബ്ദുള്ള അലി അൽ-യഹ്യയെ സ്വീകരിച്ചതിൽ സന്തോഷമുണ്ട്. ഇന്ത്യൻ പൗരന്മാരുടെ ക്ഷേമത്തിനായി കുവൈത്ത് നേതൃത്വം നടത്തിയ പരിശ്രമങ്ങൾക്ക് ഞാൻ നന്ദി അറിയിക്കുന്നു. നമ്മുടെ ജനങ്ങളുടെയും പ്രദേശത്തിന്റെയും ഉന്നതിക്കായി ആഴത്തിൽ വേരൂന്നിയതും ചരിത്രപരവുമായ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മുന്നോട്ട് കൊണ്ടുപോകാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്,' കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.
നരേന്ദ്ര മോദിയെ കണ്ട ശേഷം ഹൈദരാബാദ് ഹൗസിൽ വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായും അബ്ദുള്ള അലി അൽ യഹ്യ കൂടിക്കാഴ്ച നടത്തി. പരസ്പര താൽപ്പര്യമുള്ള പ്രാദേശികവും അന്തർദേശീയവുമായ വിഷയങ്ങളെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തു. 'ഇന്ത്യയിലേക്കുള്ള ക്ഷണത്തിനും പ്രധാനമന്ത്രി മോദിയെ കാണാനുള്ള അവസരത്തിനും നന്ദി. അദ്ദേഹത്തെ ലോകത്തെ ഏറ്റവും ജ്ഞാനികളായ വ്യക്തികളിൽ ഒരാളായി ഞങ്ങൾ കണക്കാക്കുന്നു. പ്രധാനമന്ത്രി ഇന്ത്യയെ മികച്ച നിലയിലേക്ക് കൊണ്ടുപോകുന്നുവെന്നും അത് തുടരുമെുന്നും എനിക്ക് ഉറപ്പുണ്ട്. ഇന്ത്യ വളരെ പ്രധാനപ്പെട്ട പങ്കാളിയാണ്, ഞങ്ങൾ ഈ ബന്ധത്തെ ആശ്രയിക്കുന്നു,' വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറുമായുള്ള പ്രതിനിധിതല കൂടിക്കാഴ്ചയിൽ അബ്ദുള്ള അലി അൽ-യഹ്യ പറഞ്ഞു.
കൂടിക്കാഴ്ചയിൽ ഇന്ത്യയും കുവൈത്തും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കുന്നതിനുള്ള കരാറിൽ ഇരുവരും ഒപ്പുവച്ചു. വിദേശകാര്യ മന്ത്രിമാരുടെ തലത്തിൽ സഹകരണത്തിനായി ഒരു സംയുക്ത കമ്മീഷൻ (ജെ.സി.സി) സ്ഥാപിക്കുന്നതിനാണ് കരാർ. വ്യാപാരം, നിക്ഷേപം, വിദ്യാഭ്യാസം, സാങ്കേതികവിദ്യ, കൃഷി, സുരക്ഷ, സംസ്‌കാരം തുടങ്ങിയ മേഖലകളിൽ പുതിയ സംയുക്ത പ്രവർത്തക സമിതികൾ രൂപീകരിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഈ സമിതികൾ ജെസിസിയുടെ കീഴിൽ പ്രവർത്തിച്ച് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം പരിശോധിക്കുകയും നിരീക്ഷിക്കുകയും ചെയ്യും. ഹൈഡ്രോകാർബൺ, ആരോഗ്യം, കോൺസുലർ കാര്യങ്ങൾ തുടങ്ങിയ മേഖലകളിലെ നിലവിലുള്ള പ്രവർത്തക സമിതികളെയും ജെസിസി നിരീക്ഷിക്കും. കുവൈത്ത് വിദേശകാര്യമന്ത്രിയായതിന് ശേഷമുള്ള അബ്ദുള്ള അലി അൽ യാഹ്യയുടെ ആദ്യത്തെ ഔദ്യോഗിക ഇന്ത്യൻ സന്ദർശനമാണിത്.