ആവേശം വാനോളമുയർത്തി കുവൈത്തിൽ ദേശീയ ദിനാഘോഷം
ഇന്ന് വിമോചന ദിനമാഘോഷിക്കും
നാടും നഗരവും ഓരവും നിരത്തും ആഘോഷത്തിൽ നിറഞ്ഞ അന്തരീക്ഷത്തിൽ കുവൈത്ത് 62ാമത് ദേശീയ ദിനം ആഘോഷിച്ചു. കാറുകളിലും ഇരുചക്ര വാഹനങ്ങളിലും കുവൈത്തിന്റെ ദേശീയ പതാക വീശി സ്വദേശികളും പ്രവാസികളും പാതകൾ കൈയടക്കി.
പാതയോരങ്ങളിലും പാലങ്ങളിലും അമീറിന്റെയും കിരീടാവകാശിയും ചിത്രങ്ങൾ ദീപാലങ്കാരങ്ങളാൽ കുളിച്ചു. കരിമരുന്ന് പ്രയോഗവും വ്യോമാഭ്യാസ വിസ്മയങ്ങളും വീക്ഷിക്കാൻ ആയിരക്കണക്കിന് കുടുംബങ്ങളാണ് ഒഴുകിയെത്തിയത്.
ഇന്ന് വിമോചന ദിനമാണ്. ബ്രിട്ടീഷ് കോളനി ഭരണത്തിൽനിന്നു സ്വാതന്ത്ര്യം പ്രാപിച്ചതിന്റെ ഓർമ പുതുക്കിയാണ് ദേശീയ ദിനം ആഘോഷിച്ചതെങ്കിൽ ഇറാഖ് അധിനിവേശത്തിൽനിന്ന് മോചിതമായതിന്റെ ഓർമയ്ക്കായാണ് വിമോചനദിനാഘോഷം.
ഓരോ ഗവർണറേറ്റുകൾ കേന്ദ്രീകരിച്ചും ആഘോഷങ്ങൾ നടന്നു. കുവൈത്ത് ടവർ, അറേബ്യൻ ഗൾഫ് സ്ട്രീറ്റ് എന്നിവിടങ്ങൾ ആഘോഷങ്ങളുടെ കേന്ദ്രങ്ങളായി. പ്രധാന ഷോപ്പിങ് മാളുകളും കച്ചവട സ്ഥാപനങ്ങളും ദീപാലങ്കാരം കൊണ്ടും, ഓഫറുകൾ പ്രഖ്യാപിച്ചും ദേശീയ ദിനത്തിൽ പങ്കുകൊണ്ടു. സ്വദേശികൾക്കൊപ്പം പ്രവാസികളും ആഘോഷത്തിന്റെ നിറവിന് മാറ്റേകി.