നീറ്റ് പരീക്ഷക്ക് ഒരുങ്ങി കുവൈത്തും ഒമാനും
ഒമാനിൽ ഇത്തവണയും മസ്‌കത്ത് ഇന്ത്യൻ സ്‌കൂളിൽ നീറ്റ് പരീക്ഷ നടക്കും
ഇന്ത്യൻ മെഡിക്കൽ പ്രവേശന പരീക്ഷയായ നാഷനൽ എലിജിബിലിറ്റി-കം എൻട്രൻസ് ടെസ്റ്റ് -നീറ്റ് പരീക്ഷക്ക് ഒരുങ്ങി കുവൈത്തും ഒമാനും. മെയ് ഏഴിന് രാവിലെ 11:30 മുതലാണ് പരീക്ഷ ആരംഭിക്കുക. ഒരുക്കം പൂർത്തിയായി വരുന്നതായി അധികൃതർ അറിയിച്ചു. കുവൈത്തിലെ ഈ വർഷത്തെ നീറ്റ് പരീക്ഷ അബ്ബാസിയയിലെ ഇന്ത്യൻ എജ്യുക്കേഷൻ സ്‌കൂളിലാണ് നടക്കുക. രാജ്യത്തെ വിവിധ ഇന്ത്യൻ ഇന്ത്യൻ സ്‌കൂളുകളിൽ നിന്നായി അഞ്ഞൂറിലധികം കുട്ടികളാണ് പരീക്ഷ എഴുതുന്നത്. ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിലാണ് പ്രവർത്തങ്ങൾ ഏകോപിപ്പിക്കുന്നത്.
രജിസ്റ്റർ ചെയ്ത മുഴുവൻ വിദ്യാർത്ഥികൾക്കും സുഗമമായി പരീക്ഷ എഴുതാൻ സാധിക്കുന്ന തരത്തിൽ ഒരുക്കം എല്ലാം പൂർത്തിയായി വരുന്നതായി അധികൃതർ അറിയിച്ചു. പരീക്ഷക്കെത്തുന്ന വിദ്യാർത്ഥികൾക്ക് വേണ്ടി സ്‌കൂൾ പരിസരത്ത് ഹെൽപ് ഡെസ്‌ക് സജ്ജമാകും. പരീക്ഷക്ക് മുന്നോടിയായി കേന്ദ്ര പരീക്ഷ ഏജൻസി മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.സർക്കാർ സ്വകാര്യ കോളജുകളിൽ മെഡിക്കൽ, ഡെൻറൽ കോഴ്‌സുകളായ എം.ബി.ബി.എസ്, ബി.ഡി.എസ്, ആയുഷ് കോഴ്സുകൾ പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കുവേണ്ടിയുള്ള പ്രവേശന പരീക്ഷയാണിത്.തുടർച്ചയായ മുന്നാം വർഷമാണ് നീറ്റ് എക്‌സാം കുവൈത്തിൽ നടക്കുന്നത്. അഡ്മിറ്റ് കാർഡും തിരിച്ചറിയൽ രേഖയും ഉള്ള വിദ്യാർഥികൾക്ക് മാത്രമാണ് രജിസ്‌ട്രേഷൻ ഏരിയയിലേക്ക് പ്രവേശനം. വിദ്യാർഥികൾ രജിസ്‌ട്രേഷൻ ഡെസ്‌കിൽ രക്ഷിതാക്കളുടെ അടിയന്തര കോൺടാക്ട് നമ്പർ നൽകണമെന്നും അധികൃതർ വ്യക്തമാക്കി.
ഒമാനിലെ സെൻറർ മസ്‌കത്ത് ഇന്ത്യൻ സ്‌കൂൾ
ഒമാനിൽ ഇത്തവണയും മസ്‌കത്ത് ഇന്ത്യൻ സ്‌കൂളിൽ നീറ്റ് പരീക്ഷ നടക്കും. പരീക്ഷാർഥികൾ മേയ് ഏഴിന് ഒമാൻ സമയം 11.30ന് മുമ്പായി റിപ്പോർട്ട് ചെയ്യണം. ഉച്ചക്ക് 12ന് ഗേറ്റുകൾ അടക്കും. പാസ്പോർട്ട്/ പാൻ കാർഡ്/ ലൈസൻസ്/ ഇന്ത്യ ഗവൺമെന്റ് നൽകുന്ന മറ്റേതെങ്കിലും ഐ.ഡി കാർഡ് എന്നിവയുടെ ഒറിജിനൽ തിരിച്ചറിയൽ രേഖയായി കരുതേണ്ടതാണ്. മൊബൈൽ ഫോണുകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും അനുവദിക്കില്ല. കഴിഞ്ഞ വർഷം 214 വിദ്യാർഥികളാണ് ഒമാനിൽനിന്ന് പരീക്ഷ എഴുതിയത്. ആദ്യമായിട്ടായിരുന്നു കഴിഞ്ഞ വർഷം നീറ്റ് പരീക്ഷ ഒമാനിൽ നടന്നത്. നേരത്തേ വിദ്യാർഥികൾ നീറ്റ് പരീക്ഷക്ക് ഇന്ത്യയിലേക്കോ യു.എ.ഇയിലേക്കോ ആണ് പോകാറുണ്ടായിരുന്നത്.
NEET exam centers in Kuwait and Oman are gearing up to conduct the exam