കുവൈത്തിൽ ഇന്ധന വില വർധിപ്പിക്കില്ല; സർക്കാർ സബ്‌സിഡി തുടരും
സർക്കാർ നൽകുന്ന സബ്സിഡിയാണ് രാജ്യത്ത് പെട്രോൾ വില വർധിക്കാതിരിക്കാൻ കാരണം
കുവൈത്ത് സിറ്റി: പെട്രോൾ വില ഉയർത്തുന്നില്ലെന്ന് കുവൈത്ത്. പെട്രോളിയം ഉൽപ്പന്നങ്ങളുടെ സബ്‌സിഡി പുനഃപരിശോധിക്കുന്ന ഉന്നത സമിതിയാണ് ഇത് സംബന്ധമായ തീരുമാനം കൈക്കൊണ്ടത്. നിലവിലെ സബ്സിഡികൾ തുടരാനും പെട്രോൾ, ഡീസൽ, പാചക വാതകം ഉൾപ്പെടെയുള്ള ഇന്ധനങ്ങൾക്ക് വില വർധിപ്പിക്കേണ്ടതില്ലെന്നും സമിതി തീരുമാനിച്ചതായി പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇന്ധന വില ഉയർത്തിയാൽ നിത്യോപയോഗ സാധനങ്ങൾക്കടക്കം വിലക്കയറ്റം ഉണ്ടാകുവാൻ സാധ്യതയുണ്ട്. ഇത് പണപ്പെരുപ്പം വർധിക്കാൻ കാരണമാകുമെന്ന് യോഗം വിലയിരുത്തി. ഓഗസ്റ്റ് മാസത്തിൽ പണപ്പെരുപ്പം 4.15 ശതമാനത്തിൽ എത്തിയിരുന്നു. വിപണിയിലേക്ക് ആവശ്യമുള്ള ഇന്ധനം നൽകാൻ ശേഷിയുണ്ടെന്നും നിലവിലെ സാഹചര്യത്തിൽ വില വർധിപ്പിക്കേണ്ടതില്ലെന്നും സമിതി അംഗങ്ങൾ വ്യക്തമാക്കി. ആഗോളതലത്തിൽ ഇന്ധനത്തിന് ഏറ്റവും വിലകുറവുള്ള രാജ്യങ്ങളിലൊന്നാണ് കുവൈത്ത്.
സർക്കാർ നൽകുന്ന സബ്സിഡിയാണ് രാജ്യത്ത് പെട്രോൾ വില വർധിക്കാതിരിക്കാൻ കാരണം. കുവൈത്തിൽ സബ്സിഡി ഇനത്തിൽ അനുവദിക്കുന്ന തുകയുടെ ഭൂരിഭാഗവും ഇന്ധന സബ്സിഡിയായാണ് നൽകുന്നത്. അതിനിടെ രാജ്യത്ത് പൊതുചെലവ് ക്രമാതീതമായി വർധിക്കുവാൻ കാരണം ഇന്ധന സബ്സിഡിയാണെന്നും ജനസംഖ്യയുടെ 70 ശതമാനത്തോളം വിദേശികൾ വസിക്കുന്ന രാജ്യത്ത് സ്വദേശികൾക്ക് മാത്രമായി സബ്‌സിഡി പരിമിതപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പാർലമെന്റ് അംഗങ്ങളും രംഗത്തെത്തിയിട്ടുണ്ട്.