കുവൈത്തിൽ ഉച്ച സമയത്തെ തൊഴിൽ നിയന്ത്രണം ഇന്ന് അവസാനിക്കും
രാവിലെ 11നും വൈകീട്ട് നാലിനും ഇടയിൽ പുറംതൊഴിലുകൾക്കായിരുന്നു നിയന്ത്രണം
കുവൈത്ത് സിറ്റി: കുവൈത്തിൽ ഉച്ച സമയത്തെ തൊഴിൽ നിയന്ത്രണം ഇന്ന് അവസാനിക്കും. ജൂൺ ഒന്നു മുതൽ ആഗസ്റ്റ് 31വരെ രാവിലെ 11നും വൈകീട്ട് നാലിനും ഇടയിൽ പുറംതൊഴിലുകൾക്കായിരുന്നു നിയന്ത്രണം. കനത്തചൂട് കണക്കിലെടുത്താണ് രാജ്യത്ത് നേരത്തെ ഉച്ച സമയത്ത് തൊഴിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്.
നിയന്ത്രണം നീക്കുന്നത് സംബന്ധിച്ച് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അറിയിപ്പ് പുറത്തിറക്കും. നിയന്ത്രണം നീട്ടാൻ സാധ്യതയില്ലെന്നാണ് സൂചന. ഇതോടെ സെപ്റ്റംബർ ഒന്നു മുതൽ തൊഴിൽ സമയം സാധാരണ നിലയിലേക്ക് മാറും.
തൊഴിലാളികൾക്ക് കടുത്ത താപനിലയിൽ നിന്ന് സുരക്ഷയൊരുക്കാനും ആരോഗ്യ പ്രശ്‌നങ്ങളിൽ നിന്ന് സംരക്ഷിക്കാനുമാണ് ഉച്ച വിശ്രമം ഏർപ്പെടുത്തിയത്.
ഇത്തവണ കനത്ത ചൂടാണ് കുവൈത്തിൽ രേഖപ്പെടുത്തിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ദിവസങ്ങളോളം അന്തരീക്ഷ താപനില 50 ഡിഗ്രി സെൽഷ്യസിന് മുകളിൽ വരെ ഉയർന്നിരുന്നു.
നിലവിൽ രാജ്യത്ത് ശരാശരി 46 ഡിഗ്രിക്കടുത്താണ് അന്തരീക്ഷ താപനില രേഖപ്പെടുത്തുന്നത്. രാജ്യത്ത് വരും ദിവസങ്ങളിൽ അന്തരീക്ഷ താപനിലയിൽ ഗണ്യമായ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷ.