കഴിഞ്ഞ ആറുമാസത്തിനിടെ പതിനായിരത്തിലേറെ വിദേശികളെ കുവൈത്ത് നാടുകടത്തിയെന്ന് റിപ്പോർട്ട്

ഈ വർഷം ജനുവരി ഒന്ന് മുതൽ ജൂൺ 20 വരെയുള്ള കാലയളവിൽ 10800 വിദേശികളെയാണ് കുവൈത്ത് സ്വന്തം രാജ്യങ്ങളിലേക്ക് തിരിച്ചയച്ചത്.

Update: 2022-06-24 17:05 GMT
Advertising

കുവൈത്തിൽ നിന്ന് കഴിഞ്ഞ ആറുമാസത്തിനിടെ പതിനായിരത്തിലേറെ വിദേശികളെ നാടുകടത്തിയതായി റിപ്പോർട്ട്. താമസനിയമലംഘകരാണ് നാടുകടത്തപ്പെട്ടവരിൽ ഏറെയും. നിയമലംഘകരെ പിടികൂടുന്നതിനായുള്ള ക്യാമ്പയിൻ തുടരുന്നതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

ഈ വർഷം ജനുവരി ഒന്ന് മുതൽ ജൂൺ 20 വരെയുള്ള കാലയളവിൽ 10800 വിദേശികളെയാണ് കുവൈത്ത് സ്വന്തം രാജ്യങ്ങളിലേക്ക് തിരിച്ചയച്ചത്. ഇഖാമ നിയമങ്ങൾ ലംഘിച്ചവരാണ് ഇവരിൽ കൂടുതലും. ജലീബ് അൽ ഷുയൂഖ് മഹ്ബൂല, ഷുവൈക്ക് ബ്നീദ് അൽ ഗർ, എന്നീ വിദേശി ഭൂരിപക്ഷ മേഖലകളിലും വഫറ, അബ്ദലി കാർഷിക മേഖലകളിലും കഴിഞ്ഞ മാസങ്ങളിൽ നടന്ന സുരക്ഷാ പരിശോധനകളിൽ നിരവധി താമസനിയമലംഘകർ പിടിയിലായിരുന്നു.

അനധികൃത താമസക്കാരെ പിടികൂടുന്നതിനുള്ള സുരക്ഷാ ക്യാമ്പയിനുകൾ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ തുടരുന്നതായും ആഭ്യന്തരമന്ത്രാലയം അറിയിച്ചു. താമസരേഖകൾ ഇല്ലാത്ത വിദേശികളുടെ ഫയലുകൾ ആഭ്യന്തരമന്ത്രി ശൈഖ് അഹഖ്‌മദ് അൽ നവാഫ് അസ്സ്വബാഹും, ആഭ്യന്തര അണ്ടർ സെക്രട്ടറി മേജർ ജനറൽ അൻവർ അൽ ബർജാസും നേരിട്ട് പരിശോധിക്കുന്നുണ്ട് . ജലീബ് അൽ ശുയൂഖിൽ പ്രത്യേകം ക്യാമ്പ് ചെയ്താണ് അവധി ദിവസങ്ങളിൽ ഉൾപ്പെടെ പരിശോധന നടത്തുന്നത്. പരിശോധനകളിൽ പിടിക്കപ്പെടുന്ന വിദേശികളിൽ താമസ രേഖകൾ ഇല്ലാത്തവരെ നാടുകടത്തല്‍ കേന്ദ്രത്തിലേക്കാണ് അയക്കുന്നത്. പ്രതിദിനം 200 പേര് എന്ന നിലയിൽ ആണ് നിലവിൽ നാടുകടത്തൽ പുരോഗമിക്കുന്നത്.

രാജ്യത്തെ എല്ലാ വിദേശ എംബസികളോടും നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ അധികൃതർ ആവശ്യപ്പെട്ടിരുന്നു . അതിനിടെ ശക്തമായ സുരക്ഷാ പരിശോധന ഭയന്ന് ജലേബ് അൽ ശുയൂഖിൽ നിന്നും ആളുകൾ മറ്റു പ്രദേശങ്ങളിലേക്ക് താമസം മാറിപ്പോകുന്നതായ റിപ്പോർട്ടുകൾ അധിതൃതര്‍ നിഷേധിച്ചിട്ടുണ്ട്.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News