കുവൈത്തില്‍ ഓക്സ്ഫോർഡ് ആസ്ട്രസെനക വാക്സിൻ രണ്ടാം ഡോസ് വിതരണം പുരോഗമിക്കുന്നു
പത്തുദിവസം കൊണ്ട് രണ്ടു ലക്ഷം പേർക്ക് വാക്സിന്‍ നൽകുമെന്ന് കുവൈത്ത് ആരോഗ്യമന്ത്രാലയം
കുവൈത്തിൽ ഓക്സ്ഫോർഡ് ആസ്ട്രസെനക വാക്സിൻ രണ്ടാം ഡോസ് വിതരണം സുഗമമായി പുരോഗമിക്കുന്നതായി ആരോഗ്യമന്ത്രാലയം. രണ്ടു ദിവസം കൊണ്ട് 40000 പേർക്ക് സെക്കൻഡ് ഡോസ് നൽകി. മിഷ്രിഫിലെ വാക്സിനേഷൻ കേന്ദ്രത്തിൽ പ്രത്യേക കാമ്പയിൻ ആരംഭിച്ചതാണ് ഓക്സ്ഫോർഡ് വാക്സിന്റെ രണ്ടാം ഡോസ് നൽകിവരുന്നത്.
3,30,000 പേരാണ് ആസ്ട്രസെനക്ക വാക്സിന്റെ ആദ്യ ഡോസ് എടുത്ത് രണ്ടാമത്തേതിന് കാത്തുനിൽക്കുന്നത്. ഇവരിൽ ആദ്യ ഡോസ് കുത്തിവെപ്പ് എടുത്ത് മൂന്നു മാസം കഴിഞ്ഞവരുമുണ്ട്. വാക്സിൻ ഷിപ്മെൻറ് വൈകുകയും ലാബ് പരിശോധന നിശ്ചിത സമയത്ത് പൂർത്തിയാകാതിരിക്കുകയും ചെയ്തതാണ് സെക്കൻഡ് ഡോസ് വിതരണം വൈകാൻ ഇടവരുത്തിയത്.
കഴിഞ്ഞ ദിവസം ലാബ് റിപ്പോർട്ട് ലഭിച്ച ഉടൻ പ്രത്യേക കാമ്പയിൻ ആരംഭിച്ചു സെക്കൻഡ് ഡോസ് വിതരണം വേഗത്തിലാക്കുകയായിരുന്നു. പത്തുദിവസം കൊണ്ട് രണ്ടു ലക്ഷം പേർക്ക് വാക്സിന്‍ നൽകുമെന്നാണ് ആരോഗ്യ മന്ത്രി അറിയിച്ചിട്ടുള്ളത്. ഇതനുസരിച്ചുള്ള ഷെഡ്യൂൾ പാലിക്കാൻ കഴിയുന്നുണ്ടെന്നാണ് വിവരം.
രണ്ടു ദിവസം കൊണ്ട് 40000 പേർക്ക് സെക്കൻഡ് ഡോസ് നൽകി. മൂന്നുമാസമാണ് രണ്ടു ഡോസുകൾക്കിടയിലെ ഇടവേള . ഈ കാലപരിധി കഴിഞ്ഞവർക്ക് മുൻഗണന നൽകിയാണ് മിഷ്രിഫിലെ വാക്സിനേഷൻ കേന്ദ്രത്തിൽ കാമ്പയിൻ പുരോഗമിക്കുന്നത് .