ദേശ സ്നേഹം പ്രകടിപ്പിക്കേണ്ടത് മറ്റുള്ളവരെ ഉപദ്രവിച്ചോ, പൊതുമുതൽ നശിപ്പിച്ചോ ആകരുത്: കുവൈത്ത് പൊലീസ്

ആഘോഷങ്ങളുടെ ഭാഗമായി സ്വദേശി യുവതി വളർത്തു മൃഗത്തെ ദേശീയ പതാക പുതപ്പിച്ച സംഭവം വിവാദമായിരുന്നു

Update: 2022-03-02 17:42 GMT
Editor : ijas
Advertising

ദേശ സ്നേഹം പ്രകടിപ്പിക്കേണ്ടത് മറ്റുള്ളവരെ ഉപദ്രവിച്ചോ,പൊതുമുതൽ നശിപ്പിച്ചോ ആകരുതെന്നു കുവൈത്ത് പൊലീസ്. ദേശീയ പതാകയെ അവഹേളിക്കുന്നത് മൂന്നു വർഷം വരെ തടവും 250 ദിനാറിൽ കുറയാത്ത പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നും പൊതു സുരക്ഷാ വിഭാഗം അണ്ടർ സെക്രട്ടറി മേജർ ജനറൽ ഫറജ് അൽ-സൗബി വ്യക്തമാക്കി. ദേശീയ, വിമോചന ദിനങ്ങളിലെ ചില അതിരുകടന്ന ആഘോഷങ്ങളുടെ പശ്ചാത്തലത്തിൽ ആണ് ആഭ്യന്തരമന്ത്രാലയം അണ്ടർ സെക്രട്ടറിയുടെ പ്രതികരണം.

ദേശീയ പതാകയെയോ സൗഹൃദരാജ്യത്തിന്‍റെ പതാകയെയോ ആരെങ്കിലും അവഹേളിക്കുകയോ നശിപ്പിക്കുകയോ ചെയ്‌താൽ മൂന്ന് വർഷം തടവും 250 ദിനാർ വരെ പിഴയും ലഭിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ആഘോഷങ്ങളുടെ ഭാഗമായി സ്വദേശി യുവതി വളർത്തു മൃഗത്തെ ദേശീയ പതാക പുതപ്പിച്ച സംഭവം വിവാദമായിരുന്നു. അതിരുകടന്ന പെരുമാറ്റം എന്നാണ് പൊലീസ് മേധാവി സംഭവത്തെ വിശേഷിപ്പിച്ചത്.

ആളുകളുടെ നേർക്ക് വെള്ളം ചീറ്റുന്നതും വാട്ടർ ബലൂണുകൾ എറിയുന്നതും അച്ചടക്കമില്ലാത്ത നടപടിയാണ്. തർക്കങ്ങൾക്ക് കാരണമാകുന്നതും ആഘോഷങ്ങളെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്ന ഈ പ്രവണത ഒഴിവാക്കാൻ രക്ഷിതാക്കൾ കുട്ടികളെ പഠിപ്പിക്കണം. ദേശസ്നേഹം പ്രകടിപ്പിക്കുന്നത് വെള്ളം ചീറ്റിയോ പൊതുമുതൽ നശിപ്പിച്ചോ മറ്റുള്ളവരെ ആക്രമിച്ചോ അല്ലെന്നും പൊലീസ് മേധാവി കൂട്ടിച്ചേർത്തു. ജലം പാഴാക്കുന്നതിനെതിരെ ആഭ്യന്തര മന്ത്രാലയം കാമ്പയിൻ നടത്തിയിരുന്നെങ്കിലും ഇക്കുറിയും ആഘോഷങ്ങളുടെ ഭാഗമായി വാട്ടർ ബലൂണുകളും, കളിത്തോക്കുകളും വ്യാപകമായി ഉപയോഗിക്കപ്പെട്ടു. പലയിടങ്ങളിലും ആഘോഷത്തിനിടെ വഴക്കുകൾക്ക് ഇടയാക്കുകയും ചെയ്തിരുന്നു. കണ്ണിനു പരിക്കേറ്റ നിരവധി സംഭവങ്ങളും ദേശീയ ദിനത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. 

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News