കുവൈത്തിലെ സ്‌കൂളുകളിൽ ഓഫ്‌ലൈൻ ക്ലാസുകൾ പുനരാരംഭിക്കാൻ അനുമതി
വിദ്യാർത്ഥികളെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചു പഠനമാരംഭിക്കാനാണ് ആലോചിക്കുന്നത്
കുവൈത്തിലെ സ്‌കൂളുകളിൽ പൂർണതോതിൽ ഓഫ്ലൈൻ ക്ലാസുകൾ പുനരാരംഭിക്കാൻ അനുമതി. രണ്ടാം സെമസ്റ്റർ മുതൽ പൂർണതോതിൽ അധ്യായനം ആരംഭിക്കാനാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ തീരുമാനം. ഇന്ത്യൻ വിദ്യാലയങ്ങൾ ഏപ്രിൽ ഒന്നിന് പൂർണ തോതിൽ പ്രവർത്തനം ആരംഭിക്കും.
ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ച പശ്ചാത്തലത്തിൽ രണ്ടാം സെമസ്റ്ററിന്റെ ആരംഭത്തോടെ സ്‌കൂളുകളിൽ നേരിട്ടുള്ള അധ്യായനം പുനരാരംഭിക്കുന്നതിനായുള്ള ഒരുക്കത്തിലാണ് വിദ്യാഭ്യാസമന്ത്രാലയം. നിലവിലെ തടസങ്ങൾ പരിഹരിക്കുന്നതിനാണ് മുൻഗണന വിദ്യാഭ്യാസ മന്ത്രി ഡോ. അലി അൽ മുദഫിന്റെ അധ്യക്ഷതയിൽ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേരുന്നുണ്ട്. സ്‌കൂളുകൾ പൂർണാർത്ഥത്തിൽ തുറക്കുന്നതിനുള്ള നടപടിക്രമങ്ങളും പ്രധാനപ്പെട്ട തടസ്സങ്ങളും യോഗം ചർച്ച ചെയ്തു.
വിദ്യാർത്ഥികളെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചു പഠനമാരംഭിക്കാനാണ് ആലോചിക്കുന്നത്. ഫർണിച്ചറുകളുടെ കുറവ്, ക്ലാസ്സ്മുറികളുടെയും എയർ കണ്ടീഷനറുകളുടെയും അറ്റകുറ്റപണികൾ എന്നിവ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾക്കുള്ള ഗതാഗത സൗകര്യങ്ങളും ഉച്ചഭക്ഷണവും സംബന്ധിച്ച് ഇതുവരെ തീരുമാനം ആയിട്ടില്ല. ഇക്കാര്യത്തിൽ ടെൻഡർ ലഭിച്ചെങ്കിലും കരാറുകളിൽ ഒപ്പുവെച്ചിട്ടില്ലെന്നാണ് വിവരം. പുസ്തകങ്ങൾ വിതരണം ചെയ്യുന്നത്തിനുള്ള നടപടികൾ നേരത്തെ ആരംഭിച്ചിരുന്നു. രാജ്യത്തെ ഇന്ത്യൻ വിദ്യാലയങ്ങൾ ഏപ്രിൽ ഒന്ന് മുതൽ പൂർണ തോതിൽ പ്രവർത്തിക്കുമെന്നാണ് വിവരം. ഇരുപതോളം സ്‌കൂളുകളാണ് കുവൈത്തിൽ ഇന്ത്യൻ സിലബസിൽ പ്രവർത്തിക്കുന്നത്.