കുവൈത്തില്‍ നിന്നും റെഡ് ക്രസന്‍റ് പ്രതിനിധി സംഘം റഫ അതിര്‍ത്തിയിലെത്തി
Update: 2023-11-30 03:13 GMT
കുവൈത്തില്‍ നിന്നും അൻവർ അൽ-ഹസാവിയുടെ നേതൃത്വത്തിലുള്ള റെഡ് ക്രസന്‍റ് പ്രതിനിധി സംഘം റഫ അതിര്‍ത്തിയിലെത്തി. ഗാസയുടെ അതിര്‍ത്തിയോട് ചേര്‍ന്ന് ഫീൽഡ് ഹോസ്പിറ്റൽ സ്ഥാപിക്കുന്നതിനുള്ള സാധ്യത സംഘം വിലയിരുത്തി.
ഈജിപ്ഷ്യൻ റെഡ് ക്രസന്റുമായി സഹകരിച്ച് ഗാസയിലേക്കുള്ള സഹായം എത്തിക്കുന്നതിന് മേൽനോട്ടം വഹിക്കുകയെന്നതിന്‍റെ ഭാഗമായാണ് സന്ദർശനമെന്ന് അൽ ഹസാവി പറഞ്ഞു.
കുവൈത്ത് ഇതുവരെയായി 1,300 ടൺ അടിയന്തര മാനുഷിക സഹായമാണ് ഗസയിലേക്ക് എത്തിച്ചത്. ഇതില്‍ 40 ഓളം ആംബുലൻസുകളും, മെഡിക്കൽ ഉപകരണങ്ങളും ഉള്‍പ്പെടും.
അതിനിടെ ഗസയിലേക്കുള്ള 30 മത്തെ ദുരിതാശ്വാസ വിമാനം ഈജിപ്തിലെത്തി. മെഡിക്കൽ സപ്ലൈകളും മറ്റു അവശ്യ വസ്തുക്കളും അടങ്ങിയ 10 ടൺ മാനുഷിക സഹായമാണ് വിമാനത്തിലുണ്ടായിരുന്നത്.