കുവൈത്തിൽ ഓൺലൈൻ പരസ്യങ്ങൾക്ക് നിയന്ത്രണം; മാർഗനിർദേശങ്ങള്‍ പുറപ്പെടുവിച്ചു
മന്ത്രി മുഹമ്മദ് ബിൻ നാജിയുടെ അധ്യക്ഷതയിൽ ചേര്‍ന്ന ഇലക്‌ട്രോണിക് അഡ്വർടൈസിംഗ് റെഗുലേറ്ററി കമ്മിറ്റി യോഗമാണ് ഓണ്‍ലൈന്‍ പരസ്യങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്
കുവൈത്ത് സിറ്റി: ഡിജിറ്റൽ പരസ്യങ്ങൾ നിയന്ത്രിക്കാൻ മാർഗനിർദേശം പുറപ്പെടുവിച്ച് കുവൈത്ത് സര്‍ക്കാര്‍ . ഇൻഫർമേഷൻ ഡെപ്യൂട്ടി മന്ത്രി മുഹമ്മദ് ബിൻ നാജിയുടെ അധ്യക്ഷതയിൽ ചേര്‍ന്ന ഇലക്‌ട്രോണിക് അഡ്വർടൈസിംഗ് റെഗുലേറ്ററി കമ്മിറ്റി യോഗമാണ് ഓണ്‍ലൈന്‍ പരസ്യങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്.
ഓൺലൈൻ പരസ്യങ്ങൾ ഉപഭോക്താക്കള്‍ക്കിടയില്‍ സാമ്പത്തികവും സാമൂഹ്യവുമായി പ്രശ്നങ്ങളുണ്ടാക്കുന്നുവെന്ന് നേരത്തെ പരാതികള്‍ ഉയര്‍ന്നിരുന്നു. ഇലക്‌ട്രോണിക് പരസ്യം നിയന്ത്രിക്കുന്നതിനുള്ള നിയമ നടപടിക്രമങ്ങള്‍ സമിതിയുടെ നേതൃത്വത്തില്‍ ഉടന്‍ രൂപം നല്‍കുമെന്ന് ഇൻഫർമേഷൻ മന്ത്രാലയ വക്താവ് അൻവർ മുറാദ് അറിയിച്ചു. വാണിജ്യ വ്യവസായ മന്ത്രാലയം, ഇൻഫർമേഷൻ ടെക്‌നോളജി, ഫത്വ ആൻഡ് ലെജിസ്‌ലേഷൻ, കുവൈറ്റ് മുനിസിപ്പാലിറ്റി, ഇലക്‌ട്രോണിക് ക്രൈം ഡിപ്പാർട്ട്‌മെന്റ്, ഇലക്‌ട്രോണിക് പബ്ലിഷിംഗ്, മാധ്യമ പ്രതിനിധികള്‍ എന്നീവര്‍ അടങ്ങിയതാണ് റെഗുലേറ്ററി കമ്മിറ്റി.
ഉപഭോക്താവിനെ തെറ്റിദ്ധരിപ്പിക്കുന്ന വാചകങ്ങളോ ചിത്രങ്ങളോ പരസ്യങ്ങളില്‍ ഉപയോഗിക്കരുത്. ഓണ്‍ലൈന്‍ സംബന്ധിയായ പരസ്യങ്ങള്‍ നല്‍കുന്നതിന് മുമ്പ് വിശദാംശങ്ങള്‍ സഹിതം കമ്മിറ്റിയില്‍ സമര്‍പ്പിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. ഓണ്‍ലൈന്‍ പരസ്യങ്ങള്‍ക്കും ഡിജിറ്റൽ പരസ്യങ്ങള്‍ക്കും റെഗുലേറ്ററി കമ്മിറ്റിയുടെ അനുമതി ആവശ്യമാണെന്നും മാർഗ്ഗനിർദേശങ്ങള്‍ പാലിക്കണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു.