കുവൈത്തിൽ സുരക്ഷാ പരിശോധന ശക്തം; അബ്ബാസിയയിൽ ഇന്ന് നൂറോളം പേർ പിടിയിൽ

സുരക്ഷാ പരിശോധനക്ക് ഉപ പ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് അസ്സബാഹ് മേൽ നോട്ടം നൽകി

Update: 2024-10-10 14:01 GMT
Editor : Thameem CP | By : Web Desk
Advertising

കുവൈത്ത് സിറ്റി: കുവൈത്തിൽ സുരക്ഷാ പരിശോധന ശക്തമാക്കി ആഭ്യന്തര മന്ത്രാലയം. അബ്ബാസിയയിൽ ഇന്ന് പുലർച്ചെ മുതൽ ആരംഭിച്ച പരിശോധന മണിക്കൂറുകളോളം നീണ്ട് നിന്നു. സുരക്ഷാ പരിശോധനക്ക് ഉപ പ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് അസ്സബാഹ് മേൽ നോട്ടം നൽകി.

പ്രദേശത്തേക്കുള്ള എല്ലാ എക്‌സിറ്റും, എൻട്രി പോയിന്റുകളും അടച്ച് നടത്തിയ പരിശോധനയിൽ നൂറുക്കണക്കിന് പേരാണ് പിടിയിലായത്. അനധികൃതമായി രാജ്യത്ത് കഴിയുന്നവരും, വിവിധ കേസുകളിൽ പ്രതി ചേർക്കപ്പെട്ടവരും, ഒളിവിൽ പോയവരും പിടികൂടിയവരിൽ ഉൾപ്പെടും. 1359 ഗതാഗത നിയമലംഘനങ്ങളും പരിശോധനയിൽ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു.

റെസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻസ്, ട്രാഫിക് വകുപ്പ്, പബ്ലിക് സെക്യൂരിറ്റി, സ്പെഷ്യൽ ഫോഴ്സ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു. കുവൈത്തിൽ മലയാളികളടക്കം പ്രവാസികൾ ഏറെ തിങ്ങിപ്പാർക്കുന്ന പ്രദേശമാണ് അബ്ബാസിയ. കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രിയുടെ നേതൃത്വത്തിൽ സമാനമായ രീതിയിൽ ഖൈത്താനിലും ഫർവാനിയയിലും പരിശോധനകൾ നടന്നിരുന്നു.

മൂന്നര മാസം നീണ്ട പൊതു മാപ്പിന് ശേഷം രാജ്യത്തെ വിവിധ ഭാഗങ്ങളിൽ ഉന്നത ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ പൊലീസ് പരിശോധന ശക്തമാക്കിയിരുന്നു. പരിശോധനയിൽ പിടിയിലാകുന്ന അനധികൃത താമസക്കാരെ നിയമ നടപടികൾ പൂർത്തിയാക്കി രാജ്യത്ത് നിന്ന് നാട് കടത്തും.വരും ദിവസങ്ങളിലും സുരക്ഷാപരിശോധന ശക്തമാക്കുമെന്നാണ് സൂചനകൾ.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News