കുവൈത്ത് കിരീടാവകാശിയായി ശൈഖ് സബാഹ് ഖാലിദ് ഹമദ് മുബാറക് അസ്സബാഹ് ചുമതലയേറ്റു

ഞായറാഴ്ച അമീറിന് മുമ്പാകെ കിരീടാവകാശി ഭരണഘടനാ സത്യപ്രതിജ്ഞ ചെയ്തു

Update: 2024-06-02 15:35 GMT
Advertising

കുവൈത്ത് സിറ്റി: കുവൈത്ത് കിരീടാവകാശിയായി ശൈഖ് സബാഹ് ഖാലിദ് ഹമദ് മുബാറക് അസ്സബാഹ് ചുമതലയേറ്റു. ശനിയാഴ്ചയാണ് കിരീടാവകാശിയെ നിയമിച്ച് അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് ഉത്തരവിൽ ഒപ്പുവെച്ചത്. ഞായറാഴ്ച അമീറിന് മുമ്പാകെ കിരീടാവകാശി ഭരണഘടനാ സത്യപ്രതിജ്ഞ ചെയ്തു.

മുൻ അമീർ ശൈഖ് നവാഫ് അൽ അഹ്‌മദ് അൽ ജാബിർ അസ്സബാഹിന്റെ നിര്യാണത്തിന് പിറകെ കിരീടാവകാശിയുടെ പദവികൾ വഹിച്ചുവന്നിരുന്ന ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് അമീറായി ചുമതല ഏറ്റിരുന്നു. ഇതിനെ തുടർന്നാണ് പുതിയ കിരീടാവകാശിയെ തെരഞ്ഞെടുത്തത്. മുൻ പ്രധാനമന്ത്രി, ദീർഘകാലം ഉപപ്രധാനമന്ത്രി, വിവിധ വകുപ്പുകളിലെ മന്ത്രിസഥാനങ്ങൾ, നയതന്ത്ര പദവികളിലെ സേവനങ്ങൾ എന്നിവയുടെ തുടർച്ചയായാണ് ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹ് കിരീടാവകാശി പദവിയിലെത്തുന്നത്.

പിന്തുടർച്ചാവകാശ നിയമത്തിന് അനുസൃതമായി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹാകും അടുത്ത കുവൈത്ത് അമീർ. 1896 നും 1915 നും ഇടയിൽ കുവൈത്ത് ഭരിച്ച ശൈഖ് മുബാറക് അൽ കബീറിന്റെ പിൻഗാമികളിൽ നിന്നുള്ളവരാണ് രാജ്യത്തിന്റെ അമീറും കിരീടാവകാശിയുമാവുക. കുവൈത്ത് ഭരണഘടന പ്രകാരം പുതിയ കിരീടാവകാശിയെ ദേശീയ അസംബ്ലി അംഗീകരിക്കണം. എന്നാൽ അസംബ്ലി പിരിച്ചുവിടുകയും ഭരണഘടനയുടെ ഭാഗങ്ങൾ അമീർ നാല് വർഷത്തേക്ക് മരവിപ്പിക്കുകയും ചെയ്തതിനാൽ അദ്ദേഹത്തിന് അംഗീകാരം ആവശ്യമില്ല.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News