കുവൈത്തിൽ വിദേശി സാന്നിധ്യത്തിൽ കുറവ് വന്നതായി കണക്കുകൾ
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ബ്യുറോ പുറത്തു വിട്ട കണക്കനുസരിച്ചു ജനസംഖ്യയിൽ ഒന്നരലക്ഷത്തോളം വിദേശികളുടെ കുറവാണുണ്ടായത്.
കുവൈത്ത് സിറ്റി: കുവൈത്തിൽ വിദേശി സാന്നിധ്യത്തിൽ കുറവ് വന്നതായി കണക്കുകൾ. സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ബ്യുറോ പുറത്തു വിട്ട കണക്കനുസരിച്ചു ജനസംഖ്യയിൽ ഒന്നരലക്ഷത്തോളം വിദേശികളുടെ കുറവാണുണ്ടായത്.
2021 ഡിസംബർ വരെയുള്ള കണക്കുകളാണ് സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ബ്യൂറോ കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. ഇതുപ്രകാരം തൊട്ടുമുമ്പത്തെ വർഷത്തെ അപേക്ഷിച്ചു രാജ്യത്തെ മൊത്തം ജനസംഖ്യ 42,16,900 ആയി കുറഞ്ഞിട്ടുണ്ട്. 2020ൽ ഇത് 43,36012 ആയിരുന്നു. 119,112 പേരുടെ കുറവാണ് ഒരുവർഷത്തിനുള്ളിൽ രേഖപ്പെടുത്തിയത്. കുവൈത്ത് പൗരന്മാരുടെ എണ്ണത്തിൽ വർധന രേഖപ്പെടുത്തിയപ്പോൾ വിദേശികളുടെ കൊഴിഞ്ഞുപോക്കാണ് ജനസംഖ്യാ കണക്കുകളിൽ ഇടിവായി പ്രതിഫലിച്ചത്.
2020 നെ അപേക്ഷിച്ചു സ്വദേശികളുടെ എണ്ണത്തിൽ 29000ന്റെ വർധനയും വിദേശികളിൽ 148,000 ന്റെ കുറവും ആണ് 2021ൽ ഉണ്ടായത്. അതേസമയം സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ബ്യൂറോയുടെ കണക്കുകളും സിവിൽ ഇൻഫർമേഷൻ അതോറിറ്റിയുടെ കണക്കുകളും തമ്മിൽ പൊരുത്തക്കേടുകൾ ഉള്ളതായി ചില പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 60 വയസ്സ് കഴിഞ്ഞ വിദേശികളുടെ എണ്ണത്തിലാണ് ഈ വ്യത്യാസം എന്നതും ശ്രദ്ധേയമാണ്. 60 വയസ്സിനു മുകളിൽ പ്രായമുള്ള വിദേശികളുടെ എണ്ണം പാസി കണക്കു പ്രകാരം 12,2004 ലും സ്റ്റാറ്റിസ്റ്റിക്കൽ ബ്യുറോ റിപ്പോർട്ട് പ്രകാരം 3,61,493ഉം ആണ്. കണക്കുകളിൽ അന്തരമുണ്ടെങ്കിലും വിദേശി സാന്നിധ്യത്തിൽ കുറവുണ്ടായതായി ഇരു റിപ്പോർട്ടുകളും സാക്ഷ്യപ്പെടുത്തുന്നുണ്ട്.