ജനജീവിതം ദുസ്സഹമാക്കി കുവൈത്തിൽ വീണ്ടും ശക്തമായ പൊടിക്കാറ്റ്
കാഴ്ച പരിധി നന്നേ കുറഞ്ഞത് പലയിടങ്ങളിലും ഗതാഗതക്കുരുക്കിന് കാരണമായി
ജനജീവിതം താറുമാറാക്കി കുവൈത്തിൽ വീണ്ടും ശക്തമായ പൊടിക്കാറ്റ്. തൊട്ടടുത്തുള്ള കാഴ്ച പോലും മറക്കുന്ന രീതിയിൽ അന്തരീക്ഷത്തിൽ വ്യാപിച്ച പൊടി ഉച്ചയോടെ രാജ്യത്തെ ഇരുട്ടിലാക്കി. വ്യോമഗതാഗതവും തുറമുഖങ്ങളുടെ പ്രവർത്തനവും പൊടി കാരണം തടസ്സപ്പെട്ടു. കഴിഞ്ഞ തിങ്കളാഴ്ച അനുഭവപ്പെട്ടതിനേക്കാൾ ശക്തമായ രീതിയിലാണ് ഇന്ന് ഉച്ചയോടെ അന്തരീക്ഷത്തിൽ പൊടി പടർന്നത്.
കാഴ്ച പരിധി നന്നേ കുറഞ്ഞത് പലയിടങ്ങളിലും ഗതാഗതക്കുരുക്കിന് കാരണമായി. വടക്കൻ ഇറാഖിൽ നിന്ന് ഉത്ഭവിച്ച പൊടി വൈകുന്നേരത്തോടെ കുവൈത്തിന്റെ മുഴുവൻ ഭാഗത്തേക്കും വ്യാപിച്ചു. വിമാനത്താവളത്തിന്റെ പ്രവർത്തനത്തെയും റോഡ് ഗതാഗതത്തെയും പൊടി സാരമായി ബാധിച്ചു. മൂന്നര മണിക്കൂറോളം നിർത്തിവെച്ച വിമാനത്തവളത്തിന്റെ പ്രവർത്തനം കാലാവസ്ഥ മെച്ചപ്പെട്ടതിനു ശേഷമാണ് പുനരാരംഭിച്ചത്.
മിശ്രിഫ് ജാബിർ ബ്രിഡ്ജ് എന്നിവിടങ്ങളിലെ വാക്‌സിനേഷൻ സെന്ററുകളും പ്രവർത്തനം നിർത്തിവെച്ചു. ഇന്നും നാളെയും പൊടിക്കാറ്റുണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് ഉണ്ടായിരുന്നു. അതിനിടെ കാൽനൂറ്റാണ്ടിനിടയിലെ ഏറ്റവും ശക്തമായ പൊടിക്കാറ്റാണ് ഈ മാസം അനുഭവപ്പെട്ടതെന്നു കാലാവസ്ഥ വിദഗ്ധർ അഭിപ്രായപ്പെട്ടു. മുൻ വർഷങ്ങളിൽ ജൂൺ മാസത്തിൽ അനുഭവപ്പെട്ടിരുന്ന പൊടിക്കാറ്റ് ഇത്തവണ നേരത്തെ എത്തിയതായും കാലാവസ്ഥാ പ്രതിഭാസങ്ങളുടെ രീതിയിലും സ്വഭാവത്തിലും മാറ്റം വന്നിട്ടുണ്ടെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്നും കാലാവസ്ഥ നിരീക്ഷകനായ ഹസൻ അൽ ദശ്തി പറഞ്ഞു