കുവൈത്തിൽ വേനൽ കനക്കുന്നു; ഇന്ന് രേഖപ്പെടുത്തിയ താപനില 51 ഡിഗ്രി സെൽഷ്യസിനു മുകളിൽ
ജലം, വൈദ്യുതി എന്നിവയുടെ ഉപഭോഗത്തിൽ മിതത്വം പാലിക്കണമെന്ന് ജല, വൈദ്യുതി മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർഥിച്ചു
കുവൈത്തിൽ വേനൽ കനക്കുന്നു. 51 ഡിഗ്രി ക്കു മുകളിലാണ് ഇന്ന് രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ രേഖപ്പെടുത്തിയ താപനില. ചൂട് കൂടിയതോടെ വൈദ്യുതി ഉപഭോഗവും കുതിച്ചുയരുകയാണ് .വൈദ്യുതി, ജലം എന്നിവയുടെ വിനിയോഗത്തിൽ മിതത്വം പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
15040 മെഗാവാട്ട് എന്ന ഈ വർഷത്തെ റെക്കോർഡൈ് വൈദ്യുതി ഉപഭോഗമാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ രേഖപ്പെടുത്തിയതിനേക്കാൾ ഉയർന്ന പ്രതിദിന വിനിയോഗമാണിത്. വേനൽ ഏറ്റവും ശക്തമാകുന്ന ജൂലൈ ആഗസ്റ്റ് മാസങ്ങളിൽ 16700 മെഗാവാട്ട് വരെ പ്രതിദിന ഉപഭോഗം ഉയരുമെന്നാണ് വിലയിരുത്തൽ. ഉയർന്ന അന്തരീക്ഷ താപനിലയിൽ എയർ കണ്ടീഷനറുകൾ കൂടുതലായി ഉപയോഗിക്കുന്നതും ജലോപയോഗം വർധിച്ചതുമാണ് വൈദ്യുതി ഉപഭോഗം കൂടിയതിന് കാരണമായി കരുതുന്നത്.
വേനൽ നേരിടാൻ ആവശ്യമായ തയ്യാറെടുപ്പുകൾ അധികൃതർ പൂർത്തിയാക്കിയിട്ടുണ്ടെങ്കിലും പരിധി വിട്ട് ഉപഭോഗം വർധിക്കുന്നത് ആശങ്കയ്ക്ക് കാരണമാകുന്നു. ജലം, വൈദ്യുതി എന്നിവയുടെ ഉപഭോഗത്തിൽ മിതത്വം പാലിക്കണമെന്ന് ജല, വൈദ്യുതി മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർഥിച്ചു. പ്രതിദിനം 18,470 മെഗാവാട്ട് വൈദ്യുതിയാണ് കുവൈത്ത് ഉത്പാദിപ്പിക്കുന്നത്.