മംഗഫിലുണ്ടായ തീപിടിത്തത്തിൽ മരിച്ച നോർക്ക അംഗങ്ങളായ പ്രവാസികളുടെ കുടുംബങ്ങൾക്ക് ഇൻഷുറൻസ് തുക ലഭിച്ചു
കുവൈത്ത് സിറ്റി: കുവൈത്തിൽ മംഗഫിലുണ്ടായ തീപിടിത്ത ദുരന്തത്തിൽ മരിച്ച നോർക്ക അംഗങ്ങളായ പ്രവാസികളുടെ കുടുംബങ്ങൾക്ക് ഇൻഷുറൻസ് തുക ലഭ്യമാക്കിയെന്ന് നോർക്ക റൂട്‌സ് സി.ഇ.ഒ വ്യക്തമാക്കിയതായി പ്രവാസി വെൽഫെയർ കുവൈത്ത് അറിയിച്ചു.ദുരന്തത്തിൽ മരിച്ച മലയാളികളിൽ നോർക്ക ഐ.ഡി കാർഡുള്ള അഞ്ചു പേരെ പ്രവാസി വെൽഫെയർ കുവൈത്ത് കണ്ടെത്തിയിരുന്നു. ഇവരുടെ കുടുംബങ്ങളുമായി പ്രവാസി വെൽഫെയർ ഭാരവാഹികൾ ബന്ധപ്പെട്ട് ഇൻഷൂറൻസ് തുക ലഭിക്കുന്നതിനുള്ള രേഖകൾ തയാറാക്കാൻ സഹായിക്കുകയും ചെയ്തു.
നാല് അംഗങ്ങളുടെ കുടുംബങ്ങൾക്ക് ഇൻഷൂറൻസ് തുകയായ നാല് ലക്ഷം രൂപ ലഭ്യമാക്കിയെന്ന് നോർക്കയിൽ നിന്ന് ഔദ്യോഗിക വിവരം ലഭിച്ചതായി പ്രവാസി വെൽഫെയർ കുവൈത്ത് നോർക്ക വകുപ്പ് കൺവീനർ റഫീഖ് ബാബു പൊൻമുണ്ടം അറിയിച്ചു. ഒരു അംഗത്തിന് നോർക്ക ഐഡി കാർഡ് കാലാവധി കഴിഞ്ഞതിനാൽ ഇൻഷൂറൻസ് ലഭ്യമായില്ല. എളുപ്പത്തിൽ ഇൻഷുറൻസ് തുക ലഭ്യമാക്കിയ നോർക്കയെ പ്രവാസി വെൽഫെയർ കുവൈത്ത് അഭിനന്ദിച്ചു. നോർക്ക ഐഡി കാർഡ് എടുത്ത അംഗങ്ങൾക്ക് അപകട മരണം സംഭവിച്ചാൽ നാലു ലക്ഷം രൂപ ഇൻഷുറൻസ് ലഭിക്കും. പ്രവാസികളിൽ ഭൂരിഭാഗവും ഈ കാര്യത്തിൽ അശ്രദ്ധരാണ്.