റമദാനിൽ രാത്രി പ്രാർത്ഥനകൾക്കായി ഗ്രാൻഡ് മസ്ജിദ് തുറന്നുകൊടുക്കും

മൂന്ന് വർഷത്തിന് ശേഷം ആദ്യമായാണ് വിശ്വാസികൾക്കായി മസ്ജിദ് കബീർ തുറക്കുന്നത്

Update: 2023-03-23 05:32 GMT
Advertising

കുവൈത്തിലെ പ്രധാന പള്ളിയായ ഗ്രാൻഡ് മസ്ജിദ് റമദാനിൽ രാത്രി പ്രാർത്ഥനകൾക്കായി തുറക്കുമെന്ന് അധികൃതർ അറിയിച്ചു. മൂന്ന് വർഷത്തിന് ശേഷം ആദ്യമായാണ് വിശ്വാസികൾക്ക് മസ്ജിദ് കബീർ തുറന്ന് കൊടുക്കുന്നത്.

45,000 ചതുരശ്ര മീറ്റർ വിസ്തീർണ്ണവും 60,000ത്തിൽ അധികം വിശ്വാസികളെ ഉൾക്കൊള്ളാനുള്ള ശേഷിയുമുള്ള മസ്ജിദ് കബീർ രാജ്യത്തെ ഏറ്റവും വലിയ പള്ളിയാണ്. ഇസ്ലാമിക വാസ്തുവിദ്യയിൽ നിർമ്മിച്ച പള്ളി രാജ്യത്തെ പ്രധാന സാംസ്‌കാരിക ആകർഷണമാണ്.

റമദാൻ ദിനങ്ങളിൽ വിവിധ മന്ത്രാലയങ്ങളുടെയും മുൻസിപ്പാലിറ്റി, യുവജന അതോറിറ്റി എന്നിവരുടെയും സഹകരണം ഉറപ്പാക്കിയതായി ഔഖാഫ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ദറാദ് അൽ എനിസി പറഞ്ഞു.


പള്ളിയിലും പരിസരത്തും വിശ്വാസികൾക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഖുർആൻ ഹൃദസ്ഥമാക്കിയ പത്തോളം ഇമാമുകളുടെ തറാവീഹ് പ്രാർത്ഥനയും റമദാൻ ദിനങ്ങളിൽ നടക്കും.

പുരുഷന്മാർക്കും സ്ത്രീകൾക്കും വേണ്ടിയുള്ള എല്ലാ കവാടങ്ങളിലും സുരക്ഷാ പരിശോധന ഉണ്ടായിരിക്കും. ഖുർആൻ മനഃപാഠമാക്കൽ തുടങ്ങി നിരവധി മത്സരങ്ങളും ഗ്രാൻഡ് മസ്ജിദിൽ സംഘടിപ്പിക്കുമെന്ന് അൽ എനിസി അറിയിച്ചു.

തിരക്ക് കണക്കിലെടുത്ത് വാഹനങ്ങൾ പാർക്ക് ചെയ്യാൻ പ്രത്യേകയിടം നിശ്ചയിച്ചിട്ടുണ്ട്. ട്രാഫിക് ഡിപ്പാർട്ട്‌മെന്റിന്റെ സഹായം മുഴുവൻ സമയവും ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. മുൻ അമീർ ഷെയ്ഖ് ജാബർ അൽ സബാ ആണ് 1979ൽ ഗ്രാൻഡ് മോസ്‌ക് നിർമ്മാണം ആരംഭിച്ചത്. 1986ൽ പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News