കുവൈത്ത് വിദേശകാര്യ സഹമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഫിലിപ്പീന്‍സ് എംബസി ചാർജ് ദി അഫേഴ്സ്‌

സന്ദര്‍ശനത്തില്‍ ഫിലിപ്പീന്‍സ് ഗാർഹിക തൊഴിലാളികളുടെ പ്രശ്നങ്ങളും സംയുക്ത സമിതി യോഗം ചേരുന്നതിനെക്കുറിച്ചും ഇരുവരും ചര്‍ച്ച ചെയ്തു.

Update: 2023-02-12 18:56 GMT
Advertising

കുവൈത്ത് സിറ്റി: കുവൈത്തും ഫിലിപ്പീന്‍സും തമ്മിലുള്ള ഗാർഹിക തൊഴിലാളി പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. ഫിലിപ്പീന്‍സ് എംബസി ചാർജ് ദി അഫേഴ്സ്‌ ജോസ് കബ്രേര കുവൈത്ത് വിദേശകാര്യ സഹമന്ത്രി സമീഹ് എസ്സ ജോഹർ ഹയാത്തുമായി കൂടിക്കാഴ്ച നടത്തി. ഗാർഹിക തൊഴിലാളി കൊല്ലപ്പെട്ടതിനെ തുടർന്നുണ്ടായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്റെ ഭാഗമായാണ് കൂടിക്കാഴ്ച

സന്ദര്‍ശനത്തില്‍ ഫിലിപ്പീന്‍സ് ഗാർഹിക തൊഴിലാളികളുടെ പ്രശ്നങ്ങളും സംയുക്ത സമിതി യോഗം ചേരുന്നതിനെക്കുറിച്ചും ഇരുവരും ചര്‍ച്ച ചെയ്തു. നിലവിലുള്ള തൊഴിൽ നിയമത്തിന്റെ പരിധിക്കകത്തുനിന്നുള്ള എല്ലാ സഹകരണവും ഉറപ്പുനല്‍കി. ഗാര്‍ഹിക തൊഴിലാളികളുമായി ബന്ധപ്പെട്ട് ഫിലിപ്പീന്‍സ് ഡിപ്പാർട്ട്മെന്റ് ഓഫ് മൈഗ്രന്റ് വർക്കേഴ്സ് പുറപ്പെടുവിച്ച തീരുമാനത്തില്‍ കുവൈത്ത് വിദേശകാര്യ സഹമന്ത്രി നിരാശ പ്രകടിപ്പിച്ചു.

രാജ്യത്തിന്‍റെ വിവിധ തൊഴില്‍ മേഖലകളിൽ ഫിലിപ്പീനോകളുടെ സേവനം പ്രശംസനീയമാണെന്നു പറഞ്ഞ അദ്ദേഹം പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിക്കാനുള്ള കുവൈത്തിന്‍റെ സന്നദ്ധതയും അറിയിച്ചു. കുവൈത്തിലേക്ക് പുതുതായി ഗാര്‍ഹിക തൊഴില്‍ വിസയില്‍ വരുന്നവര്‍ക്കാണ് പുതിയ നിർദേശങ്ങള്‍ ബാധകമെന്നും നിലവിലെ വീട്ടുജോലിക്കാര്‍ക്ക് യാതൊരു നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടില്ലെന്നും ജോസ് എ കബ്രേര വ്യക്തമാക്കി.

വിദേശത്തെ ഫിലിപ്പീന്‍സ് ഗാർഹിക തൊഴിലാളികളുടെ ക്ഷേമത്തിനും സുരക്ഷയ്ക്കുമായുള്ള നിർദേശങ്ങള്‍ ഡി.എം.ഡബ്ല്യു പരിഗണനയിലുണ്ടെന്നും ജോസ് പറഞ്ഞു. അതിനിടെ ഫിലിപ്പീൻസ് ഗാർഹിക തൊഴിലാളി പ്രതിസന്ധി പരിഹരിക്കാൻ ശ്രീലങ്കയിൽ നിന്ന് തൊഴിലാളികളെ കൊണ്ടുവരാൻ കുവൈത്ത് പദ്ധതിയിടുന്നതായി പ്രാദേശിക മാധ്യമമായ അൽ ഖബാസ് റിപ്പോർട്ട് ചെയ്തു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News