കുവൈത്ത് കെ.എം.സി.സി.യിലെ പ്രശ്‌നം രൂക്ഷമാകുന്നു

ശറഫുദ്ധീൻ കണ്ണെത്ത് ഉൾപ്പടെ പത്ത് സംസ്ഥാന-ജില്ലാ നേതാക്കളെ കഴിഞ്ഞ ദിവസം മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി സസ്‌പെൻഡ് ചെയ്തിരുന്നു

Update: 2024-06-03 13:49 GMT
Advertising

കുവൈത്ത് സിറ്റി: കുവൈത്ത് കെ.എം.സി.സി.യിലെ പ്രശ്‌നം രൂക്ഷമാകുന്നു. കെ.എം.സി.സി മുതിർന്ന നേതാവായ ശറഫുദ്ധീൻ കണ്ണെത്ത് ഉൾപ്പടെ പത്ത് സംസ്ഥാന-ജില്ലാ നേതാക്കളെ കഴിഞ്ഞ ദിവസമാണ് മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി സസ്‌പെൻഡ് ചെയ്തത്. സസ്‌പെൻഡ് ചെയ്ത നേതാക്കളുടെ നേതൃത്വത്തിൽ പ്രവർത്തകരുടെ യോഗം ഇന്ന് ചേരുമെന്നാണ് സൂചന.

കഴിഞ്ഞ ഏതാനും വർഷങ്ങളായി കുവൈത്ത് കെ.എം.സി.സിയിൽ നടന്നിരുന്ന ഗ്രൂപ്പ് പോരാണ് ഇപ്പോൾ സംഘർഷത്തിലെത്തി നിൽക്കുന്നത്. സമവായത്തിന്റെ ഭാഗമായി ഇരു കൂട്ടരേയും ഉൾപ്പെടുത്തി മാസങ്ങൾക്ക് മുമ്പാണ് മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി കുവൈത്ത് കെ.എം.സി.സി കേന്ദ്ര കമ്മിറ്റിയെ പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പിലൂടെയും സമവായത്തിലൂടെയും ജില്ലാ- മണ്ഡലം കമ്മിറ്റികൾ വരുന്നതിനിടെ നാല് ജില്ല കമ്മിറ്റികളുടെ രൂപീകരണവുമായി ബന്ധപ്പെട്ടു നിലവിലെ സമവായങ്ങൾ തകരുകയായിരുന്നു.

തർക്കത്തെ തുടർന്ന് ഇരു വിഭാഗവും കണ്ണൂർ ജില്ലയിൽ രണ്ട് ജില്ലാ കമ്മിറ്റികൾ രൂപീകരിച്ചതും സംസ്ഥാന ഓഫീസിൽ അതിക്രമിച്ച് കയറിയതുമായി ബന്ധപ്പെട്ട വിഷയങ്ങളും മരണപ്പെട്ട അംഗത്തിനുള്ള സോഷ്യൽ സെക്യൂരിറ്റി സ്‌കീം തടയുവാൻ ഒരു വിഭാഗം ശ്രമിച്ചതും പ്രശ്‌നം അതി രൂക്ഷമാക്കി. തുടർന്ന് ഇരു വിഭാഗവും സംസ്ഥാന കമ്മിറ്റിക്ക് നൽകിയ പരാതികളുടെ അടിസ്ഥാനത്തിൽ മുസ്‌ലിം സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാമിന്റ നേതൃത്വത്തിൽ മൂന്നംഗ സംഘത്തെ കുവൈത്തിലേക്ക് അയക്കുകയായിരുന്നു.

എന്നാൽ കോഴിക്കോട് ജില്ലാ കൗൺസിൽ യോഗത്തിൽ കെ.എം.സി.സി മുതിർന്ന നേതാക്കളുടെ നേതൃത്വത്തിൽ ചേരിതിരിഞ്ഞ് വേദി കയ്യേറിയതിനെ തുടർന്നാണ് സസ്‌പെൻഷൻ പോലെയുള്ള കടുത്ത അച്ചടക്ക നടപടിയിലേക്ക് സംസ്ഥാന കമ്മിറ്റി കടന്നത്. അതിനിടെ സംസ്ഥാന നേതൃത്വം തങ്ങളെ കേൾക്കാതെയാണ് തീരുമാനം എടുത്തതെന്ന് ഷറഫുദ്ദീൻ കണ്ണെത്ത് വിഭാഗം ആരോപിച്ചു.

സസ്‌പെൻഡ് ചെയ്ത നേതാക്കളുടെ നേതൃത്വത്തിൽ ഒരു വിഭാഗം പ്രവർത്തകരുടെ യോഗം ഇന്ന് വൈകീട്ട് ചേരുമെന്നും സൂചനകളുണ്ട്. 2002ൽ ഇ. അഹമ്മദിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട് വലിയ പിളർപ്പിനെ കുവൈത്ത് കെ.എം.സി.സി. നേരിട്ടിരുന്നു. പുതിയ സംഭവ വികാസങ്ങൾ വീണ്ടും മറ്റൊരു പ്രതിസന്ധിയിലേക്ക് തള്ളി വിടുമോയെന്ന ആശങ്കയിലാണ് പ്രവർത്തകർ.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News