കുവൈത്തിൽ സ്വദേശികളും പ്രവാസികളും താമസിക്കുന്ന വിലാസങ്ങൾ തിരിച്ചറിയുന്നതിന് സർവേ നടത്തുന്നു
ഉപപ്രധാനമന്ത്രിയുടെ നിർദേശത്തെ തുടർന്ന് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷനാണ് സർവേ നടത്തുന്നത്
കുവൈത്ത് സിറ്റി: കുവൈത്തിൽ താമസ വിലാസം പരിശോധിച്ചുറപ്പിക്കുവാൻ പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ സർവേ നടത്തുന്നു. ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് അസ്സബാഹാണ് ഇത് സംബന്ധമായ നിർദേശം നൽകിയത്. സ്വദേശികളും പ്രവാസികളും താമസിക്കുന്ന വിലാസങ്ങൾ തിരിച്ചറിയുന്നതിൻറെ ഭാഗമായാണ് സർവേ നടത്തുന്നത്.
കെട്ടിടങ്ങൾ പൊളിച്ചതിനെ തുടർന്നും കെട്ടിട ഉടമകൾ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്തതനുസരിച്ചും നേരത്തെ ആയിരക്കണക്കിന് അഡ്രസ്സുകൾ റദ്ദാക്കിയിരുന്നു. താമസം മാറിയവർ തങ്ങളുടെ പുതിയ വിലാസങ്ങൾ അപ്ഡേറ്റ് ചെയ്യുവാൻ അധികൃതർ നേരത്തെ ഒരു മാസം സമയം അനുവദിച്ചിരുന്നു. എന്നാൽ അനുവദിച്ച കാലയളവിലും നിരവധിയാളുകൾ വിലാസം അപ്‌ഡേറ്റ് ചെയ്യാതിരുന്നതിനെ തുടർന്നാണ് നടപടികൾ ശക്തമാക്കിയത്.
വീടുകളുടെയും താമസ കെട്ടിടങ്ങളുടെയും ഉടമകളെ വിളിച്ചുവരുത്തി സാക്ഷ്യപത്രം നൽകുവാനാണ് സിവിൽ ഇൻഫർമേഷൻ ഉദ്ദേശിക്കുന്നത്. അതിനുശേഷം ബന്ധപ്പെട്ട വ്യക്തികൾക്ക് പാസി സന്ദർശിക്കാനും അവരുടെ വിലാസ വിവരം ശരിയാക്കാനോ പുതിയവ നൽകാനോ ഉള്ള അറിയിപ്പുകൾ സഹൽ ആപ്ലിക്കേഷൻ വഴി നൽകും. അറിയിപ്പ് ലഭിച്ച് രണ്ട് മാസത്തിനുള്ളിൽ മറുപടി നൽകിയില്ലെങ്കിൽ പ്രതിമാസം 20 കുവൈത്ത് ദിനാർ വീതം പിഴ ഈടാക്കും.