ഔദ്യോഗിക സന്ദർശനത്തിനായി യു.എ.ഇ പ്രസിഡന്റ് നാളെ കുവൈത്തിൽ

കുവൈത്ത് അമീറുമായി കൂടിക്കാഴ്ച നടത്തും

Update: 2024-11-09 12:23 GMT
Editor : Thameem CP | By : Web Desk
Advertising

കുവൈത്ത് സിറ്റി: യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നാളെ ഞായറാഴ്ച കുവൈത്ത് സന്ദർശിക്കും. സന്ദർശന വേളയിൽ, കുവൈത്ത് അമീർ ശൈഖ് മിഷ്അൽ അൽ-അഹമ്മദ് അൽ-ജാബർ അസ്സബാഹുമായി ശൈഖ് മുഹമ്മദ് കൂടിക്കാഴ്ച നടത്തും. സാമ്പത്തികം, നിക്ഷേപം, വികസനം എന്നിവയുൾപ്പെടെ നിരവധി മേഖലകളിൽ സഹകരണം വർധിപ്പിക്കുന്നതിനായി ഇരുവരും ചർച്ചകൾ നടത്തും.

നിലവിൽ രണ്ട് രാജ്യങ്ങൾക്കുമിടയിൽ വളരെ അടുത്ത ബന്ധമാണുള്ളത്. സെപ്റ്റംബറിൽ അബൂദബിയിൽ കുവൈത്ത് ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് അസ്സബാഹുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ശൈഖ് മുഹമ്മദിന്റെ കുവൈത്ത് സന്ദർശനം. ഒക്ടോബറിൽ യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് കുവൈത്തിലെത്തിയിരുന്നു.

'കുവൈത്തിലേക്കുള്ള സന്ദർശനം എപ്പോഴും കുടുംബത്തിനും സുഹൃത്തുക്കൾക്കും ഇടയിലാണെന്ന തോന്നൽ നൽകുന്നു. 60 വർഷത്തിലേറെയായി നമ്മുടെ ജനതയെ ഒന്നിപ്പിച്ച ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും സഹകരണം വർധിപ്പിക്കുന്നതിനും നേതാക്കളുടെ പങ്കിട്ട ദർശനത്തെ മുന്നോട്ടുകൊണ്ടുപോകുന്നതിനും ഞാൻ ഈ സന്ദർശനത്തിലൂടെ ഉറ്റുനോക്കുന്നു,' ശൈഖ് ഹംദാൻ എക്‌സിൽ കുറിച്ചു.

സെപ്റ്റംബറിൽ അബൂദബിയിൽ പുതിയ കുവൈത്ത് എംബസിയും തുറന്നിരുന്നു. യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ സായിദും കുവൈത്ത് വിദേശകാര്യ മന്ത്രി അബ്ദുല്ല അലി അൽ യഹ്യയും ചേർന്നാണ് എംബസി ഉദ്ഘാടനം ചെയ്തത്.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News